മണ്ണാർക്കാട്:പുത്തൻകളത്തിൽ മുർതാസ ഫസൽ - സുമയ്യ തസ്‌നീം ദമ്പതികൾക്ക് ആറ്റുനോറ്റ് കിട്ടിയ പൊന്നോമനെയെയാണ് കരിപ്പൂർ വിമാനാപകടത്തിൽ നഷ്ടമായത്. രണ്ടുവയസുള്ള ആയിഷ ദുഅ യുടെ വിയോഗത്തിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് ഒരു നാടാകെ.
യു.എ.ഇയിൽ ടെലികോം ജീവനക്കാരനായ ഫസലിനെ കാണാൻ പോയി തിരിച്ച് നാട്ടിലേക്കുള്ള യാത്രയിലാണ് അമ്മ സുമയ്യയെ തനിച്ചാക്കി ആയിഷ മരണത്തിലേക്ക് വീണത്.
കോക്പിറ്റിന്റെ തൊട്ടു പുറകിലാണ് ഇരുവരും ഇരുന്നത്. പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ കുഞ്ഞ് മരിക്കുകയായിരുന്നു.
മാർച്ചിലാണ് സമുയ്യയും ആയിഷയും മൂന്ന് മാസത്തെ സന്ദർശക വിസയിൽ യു.എ.ഇയിലേക്ക് പോയത്. കൊവിഡ് കാരണം വിസ നീട്ടുകയായിരുന്നു. കാലാവധി അവസാനിച്ചതോടെ വന്ദേഭാരത് മിഷനിൽ നാട്ടിലേക്ക് വരികയായിരുന്നു. മകളുടെ മരണം അറിഞ്ഞ് ഫസൽ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.