river
ക​ന​ത്ത​ ​മ​ഴ​യി​ൽ​ ​ഇ​രു​ക​ര​യും​ ​മുട്ടി​ ​ഒ​ഴു​കു​ന്ന​ ​ക​ൽ​പ്പാ​ത്തി​ ​പുഴ

 ജില്ലയിൽ എട്ട് ക്യാമ്പുകൾ  ഇന്ന് യെല്ലോ അലേർട്ട്  അഗളിയിൽ വൈദ്യുതിബന്ധം ഭാഗികമായി പുനസ്ഥാപിച്ചു  അട്ടപ്പാടി ചുരം പാതയിൽ കനത്ത മൂടൽ മഞ്ഞ്  വ്യാപക കൃഷിനാശം

പാലക്കാട്: ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച ഇന്നലെ നഗരത്തിൽ ഉൾപ്പെടെ പലയിടത്തും പകൽ മഴമാറിനിന്നെങ്കിലും മലയോര മേഖലകളിൽ ഇപ്പോഴും കാലവർഷം തിമിർത്തുപെയ്യുകയാണ്. മംഗലംഡാം മലയോര മേഖലയിൽ കനത്തമഴ തുടരുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ - മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ 31 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. കിഴക്കഞ്ചേരി രണ്ട് വില്ലേജിലെ മണ്ണെണ്ണക്കയം, ചൂരുപാറ, ഓടംതോട്, കരിങ്കയം, ഉപ്പ് മണ്ണ്, കൂട്ടിൽമൊക്ക്, ചെറുകുന്നം പ്രദേശങ്ങളിലുള്ളവരെയാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. ഒരു കുടുംബം മാത്രമാണ് ക്യാമ്പിൽ കഴിയുന്നത്. ബാക്കിയുള്ളവർ ബന്ധുവീടുകളിലേക്കാണ് മാറിയിരിക്കുന്നത്.

 49 വീടുകൾ തകർന്നു

ആലത്തൂർ: മഴ കനത്തതോടെ ആലത്തൂർ താലൂക്കിൽ ഗായത്രി, മംഗലം പുഴകളുടെ തീരത്തുള്ളവർക്കും ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർക്കും റവന്യൂ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി. ശനിയാഴ്ച ഉച്ചവരെ മഴയ്ക്ക് നേരിയ കുറവുണ്ടായിരുന്നുവെങ്കിലും ഉച്ചയ്ക്ക് ശേഷം മഴ കനത്തു പെയ്യുകയാണ്. കാലവർഷത്തിൽ ഇതുവരെ 48 വീടുകൾ ഭാഗികമായും ഒരുവീട് പൂർണമായും തകർന്നു. ശനിയാഴ്ച മാത്രം 11 വീടുകൾ തകർന്നു. തെന്നിലാപുരം പാലവും വെങ്ങന്നൂർ എടാംപറമ്പ് കോസ് വേയും വെള്ളത്തിനടിയിലായി. കാവശ്ശേരി പത്തനാപുരം, തരൂർ കുരുത്തിക്കോട്, പാടൂർ തോണിക്കടവ് പാലങ്ങളിൽ വെള്ളം മുട്ടിയാണ് ഒഴുകുന്നത്.


 അട്ടപ്പാടിയിൽ രണ്ടുകോടിയുടെ കൃഷിനാശം

കഴിഞ്ഞ നാലുദിവസം ഇരുട്ടിലായിരുന്ന അട്ടപ്പാടിയിൽ വൈദ്യുതി ബന്ധം ഭാഗികമായി പുനഃസ്ഥാപിച്ചു. 350 വൈദ്യുതി പോസ്റ്റുകളാണ് രണ്ടുദിവസത്തിനിടെ മാത്രം തകർന്നത്. ഒാണവിപണി ലക്ഷ്യമിട്ട വാഴക്കർഷകരെ കണ്ണീരിലാക്കി 80 ഹെക്ടറിലാണ് കൃഷിനാശമുണ്ടായത്. ഒരുലക്ഷത്തിലേറെ നേന്ത്രവാഴകളാണ് നിലംപൊത്തിയത്. ഇതുകൂടാതെ കുരുമുളക് കൃഷിയും വ്യാപകമായി നശിച്ചിട്ടുണ്ട്. മൂന്നു പഞ്ചായത്തുകളിലായി രണ്ടുകോടി രൂപയുടെ കൃഷിനാശം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം.

 ലഭിച്ചത് 72.52 മില്ലിമീറ്റർ മഴ

കാലവർഷം ശക്തമായതിനെ തുടർന്ന് ജില്ലയിൽ ആഗസ്റ്റ് ഏഴ് രാവിലെ എട്ടുമുതൽ ഇന്നലെ രാവിലെ എട്ടുവരെ ലഭിച്ചത് 72.52 മില്ലിമീറ്റർ മഴ. ആറു താലൂക്കുകളിലായി ലഭിച്ച ശരാശരി മഴയാണിത്. പാലക്കാട് താലൂക്കിൽ 136.1 മില്ലി മീറ്റർ, ഒറ്റപ്പാലം 72.2, ആലത്തൂർ 62.2, പട്ടാമ്പി 61, മണ്ണാർക്കാട് 52.6, ചിറ്റൂർ 51 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.


 എട്ട് ക്യാമ്പുകൾ

ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ നിലവിൽ എട്ടു ക്യാമ്പുകൾ പ്രവർത്തിക്കുന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു. മണ്ണാർക്കാട് താലൂക്കിൽ ഏഴും ആലത്തൂർ താലൂക്കിൽ ഒരു ക്യാമ്പുമാണ് തുറന്നത്. 62 കുടുംബങ്ങളിലെ 196 പേരാണ് ഈ ക്യാമ്പുകളിൽ നിലവിൽ താമസിക്കുന്നത്. ഇതിൽ 69 സ്ത്രീകളും 60 പുരുഷന്മാരും 67 കുട്ടികളും ഉൾപ്പെടുന്നു.