ഒറ്റപ്പാലം: ഭാരതപ്പുഴ കരകവിയുന്ന സാഹചര്യത്തിൽ പ്രളയബാധിത പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികളുമായി ഒറ്റപ്പാലം നഗരസഭ. റെയിൽവേ സ്റ്റേഷൻ പരിസരം, കണ്ണിയംപുറം, പാലാട്ട് റോഡ്, അരീക്കപ്പാടം, ഈസ്റ്റ് ഒറ്റപ്പാലം, കളരിഞ്ഞൊടി, വരോട്, അനങ്ങൻമല പ്രദേശങ്ങളിലെ ആളുകളെയാകും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുക. കൊവിഡിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യ അകലം പാലിച്ചും, പ്രായമുള്ളവർക്ക് പ്രത്യേകം കേന്ദ്രങ്ങൾ ഒരുക്കിയുമാണ് ക്യാമ്പുകൾ സജ്ജമാക്കേണ്ടത്. ഇതിനായി കൂടുതൽ കേന്ദ്രങ്ങൾ ഏറ്റെടുക്കും. 450 ഓളം വരുന്ന ആളുകളെ മാറ്റിപാർപ്പിക്കാനുള്ള സൗകര്യങ്ങളാണ് ആദ്യഘട്ടത്തിൽ നഗരസഭ ഒരുക്കുന്നത്. കഴിഞ്ഞവർഷത്തെ പ്രളയത്തിൽ 342 പേരെയാണ് മാറ്റി പാർപ്പിച്ചത്. എൻ.എസ്.എസ് ട്രൈനിംഗ് കോളേജ്, വരോട് മദ്രസ, യത്തീംഖാന, മന്നം മെമ്മോറിയൽ സ്‌കൂൾ, എൽ.എസ്.എൻ കോൺവെന്റ് തുടങ്ങിയ സ്ഥലങ്ങളാണ് ആദ്യഘട്ടത്തിൽ ക്യാമ്പുകളാവുക. ബധിര മൂക വിദ്യാലയത്തിലാണ് നിരീക്ഷണത്തിലുള്ളവർക്ക് സൗകര്യം ഒരുക്കുന്നത്. കൊവിഡ് ബാധിച്ചവർക്ക് വരോട് ഹൈസ്‌കൂളിലും സൗകര്യമൊരുക്കും. 60 വയസ് കഴിഞ്ഞവർക്ക് കണ്ണിയംപുറം സെവൻത് ഡെ സ്‌കൂളിലും സൗകര്യം നൽകും.
നഗരസഭ അധികൃതരും, റവന്യൂ വിഭാഗം ജീവനക്കാര്യം സ്ഥലപരിശോധന നടത്തി അണു നശീകരണത്തിനുള്ള പ്രവർത്തികൾ ഉടൻ പൂർത്തിയാക്കും.
ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി ചേർന്ന യോഗത്തിൽ ചെയർമാൻ നാരായണൻ നമ്പൂതിരി അധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ കെ.രത്നമ്മ, കെ.ബി.ശശികുമാർ, രാമകൃഷ്ണൻ, ടി.പി.പ്രദീപ് കുമാർ, അബ്ദുൾ നാസർ, സുനീറ മുജീബ്, അക്ബർ സിയാസ്, പ്രേമരാജി, പി.എം എ ജലീൽ, ഇല്യാസ് എന്നിവർ സംസാരിച്ചു.