flood
നിറഞ്ഞൊഴുകുന്ന നിള. കുമ്പിടി കാങ്കപ്പുഴ കടവിൽ നിന്നുളള ദൃശ്യം.

കൂറ്റനാട്: മഴ കനത്തതോടെ ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ നിളയും പാടശേഖരങ്ങളും നിറഞ്ഞു. ഭാരതപ്പുഴയിൽ നീരൊഴുക്ക് കൂടിതുടങ്ങിയതോടെ തീരവാസികൾ ആശങ്കയിലായി. സുരക്ഷ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ ഇവർക്ക് നിർദേശം നൽകി. ശനിയാഴ്ച പുലർച്ചെ തുടങ്ങിയ മഴക്ക് ശമനം ഉണ്ടായിട്ടില്ല.

വെള്ളം കയറി കൃഷിനാശവും വർദ്ധിച്ചു. ശക്തമായ കാറ്റ് മൂലം ഓണവിപണി ലക്ഷ്യമിട്ടുള്ള നേന്ത്രവാഴ-പച്ചക്കറി കൃഷി വ്യാപകമായി നശിച്ചിട്ടുണ്ട്. പല കർഷകരുടെയും നൂറുകണക്കിന് നേന്ത്രവാഴകൾ കാറ്റിൽ ഒടിഞ്ഞുവീണു. കൂടല്ലൂർ കൂട്ടക്കടവ് ഭാഗത്ത് റോഡിനോട് ചേർന്നാണ് പുഴ ഒഴുകുന്നുണ്ട്. സീസണിൽ മഴ തുടങ്ങിയ ശേഷം പുഴയിൽ ആദ്യമായാണ് നീരൊഴുക്ക് ഇത്രയും ശക്തിപ്പെട്ടത്.

ദേശീയപാതയും സർവീസ് റോഡും തകർന്നു

വടക്കഞ്ചേരി: മഴ കനത്തതോടെ വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാതയും സർവീസ് റോഡും തകർന്നു തുടങ്ങി. കൊമ്പഴയ്ക്ക് സമീപം വില്ലൻ വളവിൽ റോഡ് തകർന്ന് കുഴികൾ രൂപപ്പെട്ടു. ആറുവരി പാത തുടങ്ങുന്ന റോയൽ ജങ്ഷൻ മുതൽ തേനിടുക്ക് വരെ ഇരുസർവീസ് റോഡുകളും പൂർണമായും തകർന്ന് തരിപ്പണമായി. കുഴികളിൽ വെള്ളം നിറഞ്ഞതിനാൽ ചെറുതും വലുതുമായ വാഹനങ്ങൾ കുടുങ്ങുന്നതും പതിവായി. ഇവിടെ മേൽപ്പാലത്തിന്റെ പണി തീരാത്തതിനാൽ സർവീസ് റോഡുകൾ വഴിയാണ് വാഹനങ്ങൾ പോകുന്നത്.
വശങ്ങളിൽ ഓവുചാലുകൾ ഇല്ലാത്തതിനാൽ റോഡിലൂടെ വെള്ളം പരന്നൊഴുകുകയാണ്. ഇതുമൂലം റോഡ് തകരാനും തുടങ്ങി. കുതിരാൻ പാതയിൽ മൂന്ന് കിലോമീറ്റർ വശങ്ങളിൽ കുതിർന്ന് നിൽക്കുന്ന കുന്നിൻ മുകളിൽ നിന്നും ഏതു നിമിഷവും മണ്ണിടിയുമെന്ന അവസ്ഥയാണ്. കഴിഞ്ഞ ദിവസങ്ങളിൽ രണ്ടു മൂന്നിടങ്ങളിൽ ചെറിയ തോതിലും തുരങ്കത്തിന് മുകളിലും മണ്ണിടിച്ചിലുണ്ടായി. ചെരിവുകളിൽ തങ്ങിനിൽക്കുന്ന കല്ലും മണ്ണും മാറ്റുകയോ സുരക്ഷയൊരുക്കുകയോ ചെയ്തിട്ടില്ല.
ആറുവരിപ്പാത നിർമ്മാണ കമ്പനിയായ കെ.എം.സിക്കാണ് നിലവിലുളള റോഡ് സുരക്ഷിതമായി നിലനിറുത്തേണ്ട ചുമതല. കുതിരാൻ തുരങ്കം ഉടൻ തുറക്കുമെന്ന് പറഞ്ഞ് നിലവിലെ പാതയിൽ സുരക്ഷയൊരുക്കാൻ മടിക്കുകയാണ് കരാർ കമ്പനിയെന്ന ആരോപണവും ശക്തമാണ്. നിലവിൽ തുരങ്കത്തിലെയും റോഡിലെയും ജോലികൾ നിലച്ചിരിക്കുകയാണ്.

അട്ടപ്പാടിയിൽ ഇൻസിഡന്റൽ കമാൻഡറെ നിയോഗിച്ചു

അഗളി: അട്ടപ്പാടിയിൽ സ്ഥിതിഗതികൾ നിരീക്ഷിക്കാനും വിലയിരുത്താനും മണ്ണാർക്കാട് ഡി.എഫ്.ഒ കെ.സുനിൽ കുമാറിനെ ദുരന്തനിവാരണ നിയമപ്രകാരം ഇൻസിഡെന്റ് കമാൻഡറായി നിയോഗിച്ചു.

അടിയന്തര സാഹചര്യമുണ്ടായാൽ വേണ്ട നടപടി സ്വീകരിക്കുന്നതിനും രക്ഷാപ്രവർത്തനത്തിന് നേതൃത്വം വഹിക്കാനും ജില്ലാ കളക്ടർ ഡി.എഫ്.ഒ.യ്ക്ക് നിർദേശം നൽകി. പൊലീസ്, റവന്യു, ആരോഗ്യം, പി.ഡബ്ല്യു.ഡി, ഫയർ ആന്റ് റെസ്‌ക്യൂ, സിവിൽ സപ്ലൈസ്, കെ.എസ്.ഇ.ബി, പട്ടികജാതി, പട്ടികവർഗം, എൽ എസ് ജി ഡി തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാർ ഇൻസിഡന്റ് കമാൻഡറുടെ നിർദേശപ്രകാരം ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും നിർദേശമുണ്ട്.

മഴ കനക്കുന്ന സാഹചര്യത്തിൽ ആശയ വിനിമയ സംവിധാനങ്ങൾക്ക് തകരാർ സംഭവിച്ചാൽ ശിരുവാണി പ്രോജക്ട് എക്സി.എൻജിനീയറുടെ സാറ്റ്‌ലൈറ്റ് ഫോൺ ഇൻസിഡെന്റൽ കമാൻഡർക്ക് കൈമാറാനും നിർദേശമുണ്ട്.

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ 14 പ്രശ്നസാദ്ധ്യത മേഖലകളാണ് ജില്ലയിൽ കണ്ടെത്തിയിരിക്കുന്നത്. ഇതിൽ മണ്ണിടിച്ചിലിന് സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ 327 കുടുംബങ്ങളാണ് താമസിക്കുന്നത്. മഴ കനത്തതോടെ മേഖലയിൽ വീടുകൾക്കും അപ്പ്രോച്ച് റോഡുകൾക്കും വൈദ്യുതി ലൈനുകൾക്കും തകരാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പുല്ലുകാട് കോളനിയിലെ കുടിലുകൾ ശോചനീയാവസ്ഥയിൽ

നെല്ലിയാമ്പതി: കാലവർഷം ശക്തമായതോടെ നെല്ലിയാമ്പതി പുല്ലുകാട് ആദിവാസി കോളനിയിലെ കുടിലുകൾ ഏറെ ശോചനീയാവസ്ഥയിലായി. ശക്തമായ കാറ്റിനെ തുടർന്ന് മിക്ക കുടിലുകളുടെയും മേൽക്കൂര തകർന്നു. മരക്കൊമ്പുകൾകൊണ്ടുണ്ടാക്കിയ കുടിലുകളുടെ മേൽക്കൂര പുല്ലും, ടാർ പായയും, പ്ലാസ്റ്റിക് ഷീറ്റും കൊണ്ടാണ് നിർമ്മിച്ചിരുന്നത്. കാറ്റിനെ തുടർന്ന് അവ പാറിപ്പോവുകയും കുടിലിനകത്ത് മഴവെള്ളം നേരിട്ട് പതിക്കുകയും ചെയ്തതിനാൽ അന്തേവാസികൾ ദുരിതത്തിലാണ്.

2003ൽ ഭഗവതി മൂപ്പന്റെ നേതൃത്വത്തിൽ കുടിൽ കെട്ടി സമരം തുടങ്ങിയ ആദിവാസികൾക്ക് കഴിഞ്ഞ വർഷമാണ് സംസ്ഥാന സർക്കാർ ഒരു കുടുംബത്തിന് ഒരെക്കർ വീതം ഗവ.ഓറഞ്ച് ഫാമിലെ സ്ഥലം പതിച്ച് നൽകിയത്. ഇവിടുത്തെ കുടിലുകളാണ് മഴയിലും കാറ്റിലും തകർന്നത്.

മുക്കൈ പാലത്തിലടിഞ്ഞ പാഴ്ച്ചെടികൾ നീക്കി

പാലക്കാട്: കല്പാത്തി പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ മുക്കൈപാലത്തിലടിഞ്ഞ പാഴ്ച്ചെടികൾ നീക്കിത്തുടങ്ങി. കഴിഞ്ഞ പ്രളയക്കാലത്ത് പാലത്തിലടിഞ്ഞ മാലിന്യം കാരണം വെള്ളം കരകവിഞ്ഞ് നാശനഷ്ടം വിതച്ചിരുന്നു. സമീപത്തെ വീടുകളിൽ വെള്ളം കയറാനും ഇടയാക്കി. ഇത്തരം സഹാചര്യമില്ലാതാക്കുന്നതിന് വേണ്ടിയാണ് കലക്ടരുടെ നിർദേശം പ്രകാരം മാലിന്യം നീക്കാൻ തുടങ്ങിയത്. പകുതിയിലധികം മാലിന്യം നീക്കം ചെയ്തു കഴിഞ്ഞു. മാലിന്യം നീക്കൽ വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ അറിയിച്ചു.

ലഭിച്ചത് 41.85 മില്ലിമീറ്റർ മഴ

പാലക്കാട്: കാലവർഷത്തെ തുടർന്ന് ജില്ലയിൽ ശനിയാഴ്ച രാവിലെ എട്ടുമുതൽ ഞായറാഴ്ച രാവിലെ എട്ടുവരെ ലഭിച്ചത് 41.85 മില്ലിമീറ്റർ മഴ. താലൂക്ക് അടിസ്ഥാനത്തിൽ ഒറ്റപ്പാലത്ത് 78.8 മില്ലിമീറ്റർ, പട്ടാമ്പി- 64.7, ആലത്തൂർ- 43.1, മണ്ണാർക്കാട്- 23.4, പാലക്കാട്- 22.1, ചിറ്റൂർ- 19 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.