പാലക്കാട്: ഒരാഴ്ചയായി പെയ്ത കനത്ത മഴയിൽ ജില്ലയിൽ വ്യാപക കൃഷിനാശം. കാർഷിക മേഖലയിൽ മാത്രം ഇതുവരെ ഒമ്പത് കോടി 70 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ആകെ 215 ഹെക്ടർ കൃഷി നശിച്ചതായി ജില്ലാ കൃഷിവകുപ്പ് അധികൃതർ അറിയിച്ചു.
വാഴകൃഷിക്കാണ് കൂടുതൽ നാശം സംഭവിച്ചിട്ടുള്ളത്. ശക്തമായി വീശിയടിച്ച കാറ്റിൽ അട്ടപ്പാടി, മണ്ണാർക്കാട് മേഖലയിൽ ഒാണത്തിന് വിളവെടുക്കാനിരുന്ന ഭൂരിഭാഗം വാഴകളും നിലംപതിച്ചു. കൂടാതെ വിവിധ ബ്ലോക്കുകളിലായി വെള്ളംകയറി 22 ഹെക്ടർ നെൽകൃഷിയും നശിച്ചിട്ടുണ്ട്. ജൂൺ ഒന്നുമുതൽ കഴിഞ്ഞദിവസം വരെയുള്ള കണക്ക് പ്രകാരം ജില്ലയിൽ 874.89 ഹെക്ടർ കൃഷിനാശം സംഭവിച്ചിട്ടുണ്ട്. ആകെ 15 കോടിയുടെ നഷ്ടമുണ്ടായാതായാണ് പ്രാഥമിക വിലയിരുത്തൽ. 3101 കർഷകരാണ് വിളനശിച്ചതിനെ തുടർന്ന് പ്രതിസന്ധിയിലായിരിക്കുന്നത്.
ലഭിച്ചത് 22.09 എം.എം മഴ
ഞായറാഴ്ച രാവിലെ എട്ടുമുതൽ ഇന്നലെ രാവിലെ എട്ടുവരെ 22.09 മില്ലിമീറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്. ആറു താലൂക്കുകളിലായി ലഭിച്ച ശരാശരി മഴയാണിത്. ഒറ്റപ്പാലം താലൂക്കിൽ 44.6, പാലക്കാട് - 33.9, ആലത്തൂർ - 18, പട്ടാമ്പി - 14.25, മണ്ണാർക്കാട് - 13.8, ചിറ്റൂർ - 8 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി.
നെൽകൃഷിക്ക് കാര്യമായ നഷ്ടമില്ല
കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇത്തവണ നെൽകൃഷിയിൽ കാര്യമായനാശം സംഭവിച്ചിട്ടില്ല. മഴയുടെ ശക്തികുറഞ്ഞാൽ പാടങ്ങളിലെ വെള്ളം വറ്റുന്നതിനനുസരിച്ച് പരാമവധി കൃഷിയെ വീണ്ടെടുക്കാൻ സാധിക്കും. മഴയോടൊപ്പം വീശിയ ശക്തമായ കാറ്റിലാണ് വാഴകൾ കൂടുതൽ നശിച്ചത്.
ഷീല, ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ കൃഷിവകുപ്പ്, പാലക്കാട്
നഷ്ടങ്ങളുടെ കണക്ക്
97655 - കുലച്ച വാഴകൾ
29055 - കുലയ്ക്കാത്തത്
22 ഹെക്ടർ - നെൽകൃഷി
5475 - കുരുമുളക് ചെടികൾ
1380 - തെങ്ങുകൾ
1929 - റബർ മരങ്ങൾ
2990 - കവുങ്ങ്