പാലക്കാട്: മഴക്കെടുതി നേരിടുന്നതിനായി ജില്ലയിൽ വൈദ്യുതി വകുപ്പ് ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചതായി ഡെപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ ഓരോ സെക്ഷനിലും മുൻപരിചയമുള്ളവർ അടങ്ങിയ (വിരമിച്ചവർ ഉൾപ്പെടെ) സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്. ഈ സംഘം പവർ ബ്രിഗേഡർ എന്ന പേരിലാണ് പ്രവർത്തിക്കുക. ഇതിന്റെ മേൽനോട്ടം വഹിക്കാൻ ഇൻസിഡന്റൽ കമാൻഡറായി ഡെപ്യൂട്ടി ചീഫ് എൻജിനീയറെ ചുമതലപ്പെടുത്തി.
മുൻകരുതലുകളുടെ ഭാഗമായി ജില്ലയിലെ എല്ലാ സെക്ഷൻ പരിധിയിലും വൈദ്യുതി ലൈനിലേക്ക് അപകടകരമാംവിധം ചാഞ്ഞുനിൽക്കുന്ന വൃക്ഷ ശിഖരങ്ങൾ ജൂൺ പകുതിയോടെ തന്നെ മുറിച്ചുമാറ്റിയിരുന്നു. മഴക്കെടുതി നേരിടാൻ സർക്കിൾ തലത്തിൽ ദ്രുതപ്രതികരണ വിഭാഗവും രൂപീകരിച്ചിട്ടുണ്ട്.
പാലക്കാട്, ഷൊർണൂർ സർക്കിളുകളിലായി 30 പേരടങ്ങിയ രണ്ട് സംഘങ്ങളാണുള്ളത്. കമ്പികൾ പൊട്ടിവീഴുന്നത് ഒഴിവാക്കുന്നതിനായി സ്‌പേസറുകൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ബന്ധപ്പെട്ട സർക്കിൾ പരിധിയിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായി ലൈനുകൾ സ്റ്റാൻഡേർഡൈസ് ചെയ്യുന്ന പ്രവർത്തിയും നടക്കുന്നുണ്ട്. കൂടാതെ അടിയന്തര ആവശ്യം മുൻനിർത്തി പാലക്കാട് സ്റ്റോറിൽ 10 ട്രാൻസ്‌ഫോർമറുകൾ കരുതിയിട്ടുള്ളതായും ജീവനക്കാരുടെ സുരക്ഷ മുൻനിർത്തി പി.പി.ഇ കിറ്റുകൾ വിതരണം ചെയ്തതായും അധകൃതർ അറിയിച്ചു.
മുൻകരുതലുകൾ
1. സർവീസ് വയർ / ലൈൻ കമ്പി പൊട്ടിക്കിടക്കുകയോ വെള്ളത്തിൽ താഴ്ന്ന് കിടക്കുകയോ ചെയ്താൽ അതിൽ സ്പർശിക്കരുത്. ഉടനെ അടുത്തുള്ള സെക്ഷൻ ഓഫീസിലും 9496061061 എന്ന നമ്പരിലും വിളിച്ചറിയിക്കണം.
2. മീറ്റർ ബോക്‌സിൽ വെള്ളം കയറിയിട്ടുണ്ടെങ്കിൽ വൈദ്യുതി ജീവനക്കാരുടെ സേവനം ആവശ്യപ്പെടണം. പാദരക്ഷകൾ ധരിച്ച് മീറ്ററിനോട് ചേർന്നുള്ള ഫ്യൂസുകൾ ഊരിമാറ്റി മെയിൻ സ്വിച്ച് ഓഫ് ചെയ്യുക
3. ഇൻവെർട്ടറിന്റെ സ്വിച്ച് ഓഫ് ചെയ്യുക
4. വൈദ്യുതി പാനലുകളിൽ വെള്ളം കയറിയിട്ടുണ്ടെങ്കിൽ അംഗീകൃത വയർമാന്റെ സേവനം ഉപയോഗിക്കുക
5. താത്ക്കാലിക വയറിംഗ്, വൈദ്യുതോപകരണങ്ങളിൽ വെള്ളം കയറിയിട്ടുണ്ടെങ്കിൽ പ്ലഗിൽ നിന്നും ഊരിമാറ്റി ടെക്‌നീഷ്യന്റെ സഹായത്തോടെ പ്രവർത്തനക്ഷമത ഉറപ്പു വരുത്തുക
6. വിവിധ സർക്യൂട്ടിലേക്കുള്ള എം.സി.ബി അഥവാ ഫ്യൂസ് എന്നിവ ഓഫാക്കിയതിനു ശേഷം മാത്രമേ മെയിൻ സ്വിച്ച് ഓൺ ചെയ്യാവൂ
7. വൈദ്യുതി പുനഃസ്ഥാപിച്ച ശേഷം പ്ലാസ്റ്റിക് കരിയുന്ന മണമോ വയറിംഗിൽ നിന്നും പുകയോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ മെയിൻ സ്വിച്ച് ഓഫാക്കുക