ചെർപ്പുളശ്ശേരി: കായിക പഠനത്തിന് ഓൺലൈൻ ഫലവത്താവില്ലെന്ന് കണ്ടതോടെ കൃഷിയിൽ വിജയം കൊയ്യുകയാണ് വെള്ളിനേഴി സ്വദേശിയും ചെർപ്പുളശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ കായികാദ്ധ്യാപകനുമായ നന്ദഗോപാലൻ മാഷ്. സ്‌കൂളില്ലാത്തത് കാരണം കായികപരിശീലനം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്. എന്നാൽ, ഈസമയം വെറുതെയിരിക്കാൻ നന്ദഗോപാലന് മനസുവന്നില്ല. രാവിലെ തന്നെ കൈക്കോട്ടുമെടുത്ത് കൃഷിയിടത്തിൽ ഇറങ്ങും. ചേന, ചേമ്പ്, വാഴ, കപ്പ, തെങ്ങ്, കവുങ്ങ് എന്നിവയെല്ലാം വളർന്ന് നിൽക്കുന്നുണ്ട് മാഷിന്റെ അഞ്ച് ഏക്കർ കൃഷിയിടത്തിൽ.
പാർട്ട് ടൈം കൃഷിക്കാരനായിരുന്ന നന്ദൻ മാഷ് കായികാദ്ധ്യാപനത്തിന് പൂട്ടുവീണതോടെ മുഴുവൻ സമയവും കൃഷിയിടത്തിലാണ്. സമീപത്തിലൂടെ ഒഴുകുന്ന കുന്തിപ്പുഴയാണ് കൃഷിയുടെ ഊർജ്ജം. കായികാദ്ധ്യാപനംപോലെ കൃഷിയിലും താൻ ഏറെ സന്തോഷവാനാണെന്ന് നന്ദഗോപാലൻ പറയുന്നു. കായികാദ്ധ്യാപനത്തിൽ ബിരുദാനന്തര ബിരുദവും കായിക പരിശീലനത്തിൽ ഡിപ്ലോമയും എടുത്തിട്ടുണ്ട്.
ബംഗ്ലൂരുവിലെ സ്‌പോർട്‌സ് അതോറിട്ടി ഓഫ് ഇന്ത്യയിൽ നിന്ന് ഒരു വർഷത്തെ കായികപരിശീലനവും പൂർത്തിയാക്കിയിട്ടുണ്ട്.
വെള്ളിനേഴി പഞ്ചായത്ത് വികസിപ്പിച്ചെടുത്ത ഗജേന്ദ്ര ചേനയും, നാലുവർഷം കൊണ്ട് ഫലം തരുന്ന മുന്തിയ ഇനം തെങ്ങിൻ തൈകളും, 30 മുതൽ 35 കിലോ വരെ തൂക്കം വരുന്ന ആറ്റു നേന്ത്രൻ വാഴകളും നന്ദന്റെ കൃഷിയിടത്തിലെ കേമൻമാരാണ്. ചെറിയ തോതിൽ മത്സ്യകൃഷിയും പരീക്ഷിച്ചുവരുന്നു. അദ്ധ്യാപികയായ ഭാര്യ രോഹിണിയും മകനും അമ്മയും കൃഷിയിൽ നന്ദഗോപാലിനെ സഹായിക്കാൻ ഒപ്പമുണ്ട്.