cleaning
.

പാലക്കാട്: ജനകീയ കൂട്ടായ്മയുടേയും ഭരണസമിതിയുടേയും ഒന്നരവർഷത്തെ പരിശ്രമം ഫലംകണ്ടു, 'പുതുപ്പരിയാരം' സമ്പൂർണ ശുചിത്വ പഞ്ചായത്ത് പദവിയിലേക്ക്. സംസ്ഥാന സർക്കാരിന്റെ പന്ത്രണ്ടിന പരിപാടിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഈ മാസം 15 മുതൽ 30വരെ സംസ്ഥാനത്ത് നടക്കുന്ന ശുചിത്വ പദവി പ്രഖ്യാപനത്തിന് പുതുപ്പരിയാരം പഞ്ചായത്തും തയ്യാർ.

'ക്ലീൻ പുതുപ്പരിയാരം ഗ്രീൻ പുതുപ്പരിയാരം' ജനകീയ പദ്ധതിയിലൂടെയാണ് പഞ്ചായത്തിൽ ബോധവത്ക്കരണവും ശുചിത്വ - മാലിന്യ സംസ്‌കരണ പരിപാടികളും കാര്യക്ഷമമായി നടപ്പാക്കുന്നത്. ഈ പ്രവർത്തനങ്ങളുടെ ഭാഗമായി വഴിയോര മാലിന്യതോതിൽ 90 ശതമാനവും ഗ്രാമീണമേഖല ഉൾപ്പെട്ട ആകെ മാലിന്യങ്ങളുടെ തോതിൽ 89 ശതമാനവും കുറവുവന്നിട്ടുണ്ട്. പഞ്ചായത്തിൽ 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് പൂർണമായും നിരോധിച്ചിട്ടുണ്ട്. 50 മൈക്രോണിൽ കൂടുതലുള്ള പ്ലാസ്റ്റിക് നിരോധനവും ഘട്ടംഘട്ടമായി നടപ്പാക്കുകയാണ് ലക്ഷ്യം.

 ഹരിത കർമ്മസേന എന്നും ആക്ടീവാണ്

പഞ്ചായത്ത് പരിധിയിലെ സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നും മാലിന്യങ്ങൾ ശേഖരിച്ച് വേർതിരിച്ച് ബന്ധപ്പെട്ട ഏജൻസികൾക്ക് കൈമാറുന്നതിനായി 21 വാർഡുകളിലായി 30 ഹരിത കർമ്മ സേന അംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അജൈവമാലിന്യ സംസ്‌കരണത്തിനായി ഹരിത സേനക്ക് വീടുകളിൽ നിന്നും 30 രൂപയും കടകളിൽ നിന്ന് 100 രൂപയുമാണ് പ്രതിമാസം ഫീസ്.


 പ്രതിമാസം പഞ്ചായത്തിൽ 72 ടൺ അജൈവ മാലിന്യവും 4.5 ടൺ ജൈവ മാലിന്യങ്ങളും ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്.

 പഞ്ചായത്ത് പരിധിയിലെ വീടുകളിൽ ഉറവിട മാലിന്യസംസ്‌കരണ രീതിയാണ് നടപ്പാക്കുന്നത്. ഇതിനായി കമ്പോസ്റ്റ്, സോക്കേജ് പിറ്റുകളും ബയോഗ്യാസ് പ്ലാന്റ്കളും നിർമ്മിച്ചിട്ടുണ്ട്. 90 ശതമാനം സബ്‌സിഡി നിരക്കിൽ വീടുകൾതോറും ബയോ ബിന്നുകളും വിതരണം ചെയ്തിട്ടുണ്ട്.

 പഞ്ചായത്തിന്റെ ഖരമാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട് എട്ട് വനിതാതൊഴിലാളികളും ട്രക്ടർ ഡ്രൈവറും ഉൾപ്പെടെയുള്ള ഗ്രീൻ ആർമി സംഘം കടകൾ, കല്യാണമണ്ഡപങ്ങൾ, ഹാളുകൾ എന്നിവിടങ്ങളിൽ നിന്നും നിത്യേന ജൈവ മാലിന്യങ്ങൾ ശേഖരിച്ച് സംസ്‌കരിച്ച് വളമാക്കി മാറ്റുന്നു.

 ജൈവകൃഷി പ്രോത്സാഹനത്തിനായി കർഷകർക്ക് 'സമൃദ്ധി' എന്ന പേരിൽ ബ്രാൻഡഡ് വളം വിതരണം ചെയ്യുന്നുണ്ട്.