നെല്ലിയാമ്പതി: തോട്ടം തൊഴിലാളികളും അന്യസംസ്ഥാനക്കാരും ആദിവാസികളും തിങ്ങിപ്പാർക്കുന്ന നെല്ലിയാമ്പതിയിൽ ആയിരങ്ങൾക്ക് ഏക ആശ്രയമായി ചയക്കടയിലെ അക്ഷയകേന്ദ്രം. കൈകാട്ടി ജംഗ്ഷനിലെ റോഡോരികിലെ വേലുസാമിയുടെ ചായകടയിലാണ് നെല്ലിയാമ്പതിയിലെ ഏക അക്ഷയകേന്ദ്രം പ്രവർത്തിക്കുന്നത്. ലൈഫ് മിഷനുവേണ്ടിയുള്ള അപേക്ഷകരും വിദ്യാർത്ഥികളും ഉൾപ്പെടെ വിവിധ സേവനങ്ങൾക്കായി വരുന്നവർ ഈ കൊവിഡ് കാലത്തും സാമൂഹ്യ അകലം പാലിക്കാതെ നടുറോഡിൽ മണിക്കൂറുകൾ ക്യൂ നിൽക്കേണ്ട അവസ്ഥയാണ്.
കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി പൊതുസ്ഥലങ്ങളിൽ കൂട്ടമായെത്തുന്നത് ശ്രദ്ധയിൽപെട്ടതോടെ നടപടിയുമായി ആരോഗ്യ വകുപ്പും പൊലീസും രംഗത്തെത്തി. ചായക്കട ഉടമയ്ക്കും അക്ഷയകേന്ദ്ര നടത്തിപ്പുകാർക്കും ആരോഗ്യ വകുപ്പ് നോട്ടീസ് നൽകി. ഇത് ലംഘിച്ചാൽ കേസെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങളോടെ ഒരു അക്ഷേയ കേന്ദ്രം എന്നത് നെല്ലിയാമ്പതിക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. പക്ഷേ, ഇതിനാവശ്യമായ കെട്ടിട സൗകര്യം ഇല്ലാത്തതാണ് നിലവിലെ പ്രതിസന്ധി. ചായക്കടയിൽ നിന്ന് മാറ്റാൻ ആവശ്യപ്പെട്ട അക്ഷയ കേന്ദ്രം ഇനിയെവിടെ സ്ഥാപിക്കും എന്നത് വ്യക്തമായിട്ടില്ല. ഇതോടെ സാധാരണക്കാരായ ആളുകൾ സർട്ടിഫിക്കറ്റ് ലഭിക്കാനായി നെന്മാറ വരെ യാത്രചെയ്യേണ്ടതായി വരും.
അക്ഷയകേന്ദ്രം വേറൊരു സ്ഥലത്ത് മാറ്റാനായുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കാനാണ് നാട്ടുകാരുടെ നീക്കം.
അടുത്ത അക്ഷയകേന്ദ്രം 40 കിലോമീറ്റർ അകലെ
ചായക്കടയിലെ അക്ഷയ കേന്ദ്രത്തിന് താഴുവീണതോടെ നെല്ലിയാമ്പതിക്കാർക്ക് വിവിധ അപേക്ഷകൾ സർക്കാരിലേക്ക് സമർപ്പിക്കാനും മറ്റുമായി 40 കിലോമീറ്ററിലധികം സഞ്ചരിക്കണം. കൈകാട്ടിയിലെ അക്ഷയകേന്ദ്രം കഴിഞ്ഞാൽ പിന്നെയുള്ളത് നെന്മാറയിലാണ്. ലോക്ക് ഡൗണിനെ തുടർന്ന് നിലവിൽ നെല്ലിയാമ്പതിയിലേക്ക് കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും സർവീസ് നടത്തുന്നില്ല. ജീപ്പുകളെയും മറ്റു സ്വകാര്യ വാഹനങ്ങളെയും ആശ്രയിക്കണം, കൊവിഡ് കാലത്ത് അതിനും പരിമിതികളേറെയുണ്ട്. ഈ പ്രതിസന്ധി പരിഹരിക്കാൻ ജനപ്രതിനിധികൾ ഇടപെടണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.