പാലക്കാട്: ജില്ലയിൽ സപ്ലൈകോ, കൺസ്യൂമർഫെഡ് ഓണച്ചന്തകൾ അടുത്തയാഴ്ച മുതൽ ആരംഭിക്കും. 21 മുതൽ 30വരെ സപ്ലൈകോയുടെയും 24 മുതൽ 30വരെ കൺസ്യൂമർഫെഡിന്റെയും ചന്തകൾ പ്രവർത്തും. സബ്‌സിഡി നിരക്കിലാണ് സാധനങ്ങൾ നൽകുന്നത്. കൺസ്യൂമർഫെഡിന്റെ 13 ത്രിവേണി സ്റ്റോറുകളിലും 98 സഹകരണ സംഘങ്ങളിലും ചന്തകളുണ്ടാകും. സപ്ലൈകോ ചന്ത കോട്ടമൈതാനത്ത് ജില്ലാ മേളയായാണ് പ്രവർത്തിക്കുക.
കൺസ്യൂമർഫെഡ് വഴി 11 ഇനങ്ങളടങ്ങിയ കിറ്റ് 507 രൂപക്ക് ഓരോ റേഷൻകാർഡിനും നൽകും. കൊവിഡ് മാനദണ്ഡം പാലിച്ച് ഒരുദിവസം 75 പേർക്ക് ഓരോ കേന്ദ്രത്തിൽ നിന്നും കിറ്റ് നൽകും. ഇതുപ്രകാരം ഒരോ കേന്ദ്രത്തിലൂടെയും ഏഴുദിവസം കൊണ്ട് 525 പേർക്ക് സാധനങ്ങൾ നൽകുമെന്ന് അധികൃതർ പറഞ്ഞു. സേമിയ, പാലട, അരിയട, സാവാള, ഉരുളക്കിഴങ്ങ്, കറിപ്പൊടികൾ, അരിപ്പൊടികൾ, തേയില എന്നിവയും പ്രത്യേകം വിലക്കുറവിൽ ലഭ്യമാകും.
40 ശതമാനം വിലക്കുറവ്
സബ്‌സിഡിയുള്ള ഉല്പന്നങ്ങൾക്ക് പുറമെ മറ്റ് എല്ലാ സാധനങ്ങൾക്കും പൊതുവിപണിയെ അപേക്ഷിച്ച് 10 മുതൽ 40 ശതമാനംവരെ വിലക്കുറവിൽ ലഭിക്കും. വി.ശോഭ, ജില്ലാ റീജണൽ മാനേജർ, കൺസ്യൂമർഫെഡ്
വിതരണം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്
നിലവിലെ സാഹചര്യത്തിൽ ബില്ലിംഗ് കൗണ്ടറുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തിരക്ക് അനുഭവപ്പെടാത്ത രീതിയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും മേള നടത്തുക. സബ്‌സിഡി നിരക്കുള്ളവയ്ക്ക് റേഷൻ കാർഡുമായി വന്നാൽ സാധനങ്ങൾ വാങ്ങാം.
പി.സുരേഷ്, ജില്ലാ ഡിപ്പോ മാനേജർ, സപ്ലൈകോ.
കിറ്റിലെ സാധനങ്ങൾ കിലോയിൽ
1. അരി (5)
2. പച്ചരി (2)
3. പഞ്ചസാര (1)
4. തുവരപ്പരിപ്പ് (1/2 )
5. ഉഴുന്ന് (1/2)
6. കടല (1/2)
7. ചെറുപയർ (1/2)
8. വൻപയർ (1/2)
9. മല്ലി (1/2)
10. മുളക് (1/2)
11. വെളിച്ചെണ്ണ (ഒരു ലിറ്റർ)