paddy
.

ചിറ്റൂർ: കൊവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടാംവിളയുടെ രജിസ്‌ട്രേഷൻ ഈ വർഷത്തെ ഒന്നാംവിളയുടെ കരട് രജിസ്‌ട്രേഷനായി കണക്കാക്കണമെന്ന് കാർഷിക വികസനസമിതി യോഗം ആവശ്യപ്പെട്ടു.

നെല്ല് സംഭരണത്തിനുള്ള രജിസ്‌ട്രേഷൻ ഓരോ സീസണിലും അക്ഷയകേന്ദ്രം വഴി നടത്തുകയും അപേക്ഷയുടെ കോപ്പി കൃഷിഭവനിൽ സമർപ്പിക്കുകയും ചെയ്യുകയാണ് പതിവ്. തുടർന്ന് കൃഷി ഓഫീസർ പരിശോധിച്ച് മാറ്റങ്ങൾ ഉണ്ടെങ്കിൽ രേഖപ്പെടുത്തി സിവിൽ സപ്ലൈസ് കോർപ്പറേഷനിലേക്ക് സമർപ്പിക്കുകയും ചെയ്യും.

കരട് രജിസ്‌ട്രേഷന്റെ പാടശേഖരം അനുസരിച്ചുള്ള ലിസ്റ്റ് കൃഷിഭവനിൽ നൽകണം. കൃഷി ഓഫീസർ പാടശേഖര സെക്രട്ടറിമാർ നൽകിയ ലിസ്റ്റ് പരിശോധിച്ച് ഓരോ ലിസ്റ്റിലും വരുത്തേണ്ട മാറ്റങ്ങൾ സർട്ടിഫൈ ചെയ്ത് നൽകണം. ഇതിനുവേണ്ട നിർദ്ദേശങ്ങൾ ജില്ലാ കളക്ടറും ജില്ലാ കൃഷിഓഫീസറും സർക്കാരിനോട് അറിയിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

പെരുവെമ്പ് പഞ്ചായത്ത് പ്രസിഡന്റ് ശശികല അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.ബാബു, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി.ലത എന്നിവർ സംബന്ധിച്ചു.