എരിക്കുംചിറ കുളമുള്ളിക്ക് സമീപം പാറമടയിൽ വീണ വിദ്യർത്ഥികൾക്കുവേണ്ടിയുള്ള തെരച്ചിൽ
വടക്കഞ്ചേരി: കിഴക്കഞ്ചേരി എരിക്കുംചിറ കുളമുള്ളിക്ക് സമീപം പാറമടയിലെ വെള്ളക്കെട്ടിൽ വീണ് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. കിഴക്കഞ്ചേരി കുന്നങ്കാട് അലി അക്ബറിന്റെ മകൻ ആസിഫ് (16), മേലിടുകാവ് മുബാറക്കിന്റെ മകൻ മഹ്‌സിൻ (15) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.45 ഓടെയാണ് അപകടം. കുളമുള്ളിയിലെ പാറമടയ്ക്ക് സമീപം ഫോട്ടോയെടുക്കാൻ പോയതായിരുന്നു ഇരുവരും. ഫോട്ടോയെടുത്ത് മടങ്ങവേ മഹ്‌സിൻ കാലുതെന്നി വെള്ളത്തിൽ വീണു. ഉടനെ ആസിഫ് വെള്ളത്തിലേക്കുചാടി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരും കൂടുതൽ ആഴങ്ങളിലേക്ക് മുങ്ങിപ്പോയി. ഇതുകണ്ട സമീപവാസിയായ ബാപ്പുട്ടി വെള്ളത്തിൽ ചാടിയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വടക്കഞ്ചേരിയിൽ നിന്നും അഗ്നിശമന സേനയെത്തി രണ്ട് മണിക്കൂറോളം നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. വടക്കഞ്ചേരി പൊലീസും സ്ഥലത്തെത്തിയിരുന്നു. ആസിഫ് കിഴക്കഞ്ചേരി ഗവ. ഹൈസ്കൂളിലെയും മഹ്‌സിൻ മണ്ണാർക്കാട് സ്കൂളിലെയും പത്താം ക്ലാസ് വിദ്യാർത്ഥികളാണ്.
മൃതദേഹങ്ങൾ ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ആസിഫിന്റെ ഉമ്മ: സോഫി. സഹോദരങ്ങൾ: ഹസ്‌ന, ഫാത്തിമ, അൻസാഫ്. ഹഫ്സ്നയാണ് മഹ്‌സിന്റെ മാതാവ്. സഹോദരങ്ങൾ: മഹ്‌രിൻ ഫാത്തിമ, ആഫിയ.