പാലക്കാട്: മഴമാറി മാനം തെളിഞ്ഞെങ്കിലും നെൽകർഷകരുടെ മനം തെളിഞ്ഞില്ല. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ വെള്ളം കയറിയ വയലുകളിൽ വരും ദിവസങ്ങളിൽ ഇലകരിച്ചിൽ സാദ്ധ്യതയുണ്ടെന്നും കാർഷകർ ജാഗ്രതയോടെയിരിക്കണമെന്നും കൃഷി വകുപ്പിന്റെ മുന്നറിയിപ്പ്.
പാടശേഖരങ്ങളിൽ വെള്ളമിറങ്ങുന്നതോടെയാണ് രോഗം പടരുക. ഈ സമയം നെൽച്ചെടികളിൽ ചെളിയടിഞ്ഞതിനാൽ രോഗലക്ഷണം കണ്ടെത്തുകയും പ്രതിരോധ പ്രവർത്തനം നടത്തുകയും ഏറെ പ്രയാസമാകും. പ്രതിരോധ ശേഷി കുറഞ്ഞ ജ്യോതി, ഉമ പോലുള്ള നെൽവിത്തിനങ്ങളിലാണ് ഇലകരിച്ചിൽ സാദ്ധ്യത കൂടുതൽ. രോഗബാധ പിടിപെട്ടാൽ രണ്ടുദിവസത്തിനകം കൂടുതൽ പ്രദേശത്തേക്ക് വ്യാപിക്കും.
രോഗ കാരണം ബാക്ടീരിയ
'സാന്തോമോണോസ് ഒറൈസേ' എന്ന ബാക്ടീരിയയാണ് ഇലകരിച്ചിൽ രോഗകാരി.
ഇലകൾ, വേരുകൾ എന്നിവയിലെ ദ്വാരങ്ങൾ വഴിയും കീടങ്ങളും മറ്റുമുണ്ടാക്കുന്ന മുറിവുകളിലൂടെയും ബാക്ടീരിയ പ്രവേശിക്കും.
ചെടികൾ വെള്ളം വലിച്ചെടുക്കുന്ന സൈലം കുഴലുകളിൽ ബാക്ടീരിയ പെരുകുന്നതോടെ ക്രമേണ കുഴലുകൾ അടയും.
ഇതോടെ ഇലകളിൽ പൊള്ളിയ പാടുകൾ പ്രത്യക്ഷപ്പെടുകയും പിന്നീട് കരിയുകയും ചെയ്യും.
വിരട്ടാം ബാക്ടീരിയകളെ
ഏക്കറിന് ഒരു കിലോ എന്ന തോതിൽ ബ്ലീച്ചിംഗ് പൗഡർ ചെറുകിഴികളിൽ കെട്ടി വെള്ളം വരുന്ന ഇടങ്ങളിൽ വയ്ക്കുക.
രോഗലക്ഷണം കണ്ടാൽ അമിതമായ അളവിൽ യൂറിയ, ഫാക്ടംഫോസ് വളങ്ങൾ ഉപയോഗിക്കരുത്.
കതിരിടുന്നതിന് മുമ്പാണെങ്കിൽ പൊട്ടാഷ് വളം പ്രയോഗിക്കാം.
ഒരു ലിറ്റർ വെള്ളത്തിന് സ്യൂഡോമോണസ് 20 ഗ്രാം കലക്കി തളിക്കണം.
രോഗമധികരിച്ച പാടങ്ങളിൽ സ്ട്രെപ്ടോ സൈക്ലിൻ നാലുലിറ്റർ വെള്ളത്തിന് ആറുഗ്രാം എന്ന തോതിൽ ഇല നനയത്തക്ക വിധത്തിൽ തളിക്കാം.
പിട്ടിൽ പരുവത്തിലുള്ള ചെടികളിലെ രോഗബാധ നെല്ല് പതിരാകാനും ഗുണമേന്മ കുറയാനും ഇടയാക്കും. രോഗലക്ഷണം കണ്ടെത്തിയാൽ അതത് കൃഷി ഭവനിൽ അറിയിക്കണം. രോഗത്തിന്റെ തോതനുസരിച്ച് വേണം പ്രതിരോധം.
-ആർ.എസ്.മഞ്ജുഷ, കൃഷി ഓഫീസർ, കണ്ണമ്പ്ര.