waste
വീട്ടിക്കാട് മലയിൽ മാലിന്യം തള്ളിയ സ്ഥലം നാട്ടുകാർ സന്ദർശിക്കുന്നു

ചെർപ്പുളശേരി: ക്വാറി- ക്രഷർ യൂണിറ്റുകൾക്കൊപ്പം മാലിന്യ മാഫിയയും വീട്ടിക്കാടൻ മലനിരകൾക്ക് ഭീഷണിയാകുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഇറച്ചി വേസ്റ്റ് ഉൾപ്പെടെ ടൺകണക്കിന് മാലിന്യമാണ് മലനിരകളിൽ കൊണ്ടുവന്ന് തള്ളുന്നത്. നാട്ടുകാർ ശ്രദ്ധിക്കാതിരിക്കാൻ രാത്രികാലത്താണ് വാഹനങ്ങളിൽ മാലിന്യം എത്തിക്കുന്നത്.

വീട്ടിക്കാടൻ മലയിൽ നിന്നും ഉത്ഭവിക്കുന്ന കർക്കടാംചോലയുടെ ഉറവിടമാണ് അഴുകിയ മാലിന്യം കലർന്ന് ദുർഗന്ധപൂരിതമായത്. മലയിടുക്കുകളിലൂടെ ഒഴുകിയിറങ്ങുന്ന വെള്ളമാണ് പ്രദേശത്തെ നിരവധി കുടുംബങ്ങൾ ഭക്ഷണം പാകം ചെയ്യാനും കുടിക്കാനും കുളിക്കാനും മറ്റും ഉപയോഗിക്കുന്നത്. മാലിന്യം നിറഞ്ഞ വെള്ളം ഉപയോഗിക്കുന്നത് ഗുരുതര രോഗങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കിലാണ് നാട്ടുകാർ.

വെള്ളത്തിലെ ദുർഗന്ധം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാരുടെ അന്വേഷണമാണ് മാലിന്യമാഫിയയിലേക്ക് എത്തിച്ചത്. ചില സ്വകാര്യവ്യക്തികൾ ഇറച്ചിക്കടകളിൽ നിന്നും അറവുമാലിന്യം വൻതോതിൽ ശേഖരിച്ച് വീട്ടിക്കാട് മലമുകളിൽ വലിയ കുഴികളെടുത്ത് നിക്ഷേപിക്കുകയാണ്.

അരയേക്കറോളം സ്ഥലത്ത് ഇത്തരത്തിൽ മാലിന്യ നിക്ഷേപമുണ്ടെന്ന് നാട്ടുകാർ പറയുന്നു. പാലക്കാട്- മലപ്പുറം ജില്ലകളിലെ വിവിധയിടങ്ങളിൽ നിന്നുള്ള മാലിന്യം ഈ ഭാഗത്ത് നിക്ഷേപിക്കാനായി കൊണ്ടുവരുന്നുണ്ട്.

മലമുകളിലെ മാലിന്യ നിക്ഷേപം സംബന്ധിച്ച് ചെർപ്പുളശേരി നഗരസഭ, നെല്ലായ പഞ്ചായത്ത് അധികൃതർക്കും പൊലീസിനും നാട്ടുകാർ പരാതി നൽകി.

അതിർത്തി പ്രദേശമായതിനാൽ നെല്ലായ പഞ്ചായത്തിന്റെയും ചെർപ്പുളശേരി നഗരസഭയുടെയും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും പൊലീസും വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണം.
-പി.ജയൻ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ്.