മണ്ണാർക്കാട്: ശുദ്ധമായതും ഗുണമേന്മയേറിയതുമായ ഭക്ഷ്യവസ്തുക്കൾ എല്ലാം ഒരു കുടക്കീഴിൽ നൽകുവാൻ നാട്ടുചന്തയുമായി റൂറൽ സർവീസ് സഹകരണ ബാങ്ക്. കാർഷിക മേഖലയിലുള്ള ഇടപെടൽ കൂടുതൽ ശക്തിപ്പെടുത്തി നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം എന്ന ആശയത്തിന് ഊന്നൽ നൽകി മത്സ്യം, മാംസം, മുട്ട, പാൽ, പാലുല്പന്നങ്ങൾ, പഴം,പച്ചക്കറി, പലവ്യഞ്ജനങ്ങൾ എന്നിവ ഗുണമേന്മയോടെ ലഭ്യമാക്കുന്ന പദ്ധതിയാണിത്.
മത്സ്യഫെഡ് മുഖേനയാണ് മത്സ്യവില്പന. നാട്ടുചന്തയിൽ ഇടനിലക്കാരില്ലാതെ സ്വന്തം ഉല്പന്നങ്ങൾക്ക് മികച്ച വില കണ്ടെത്താനും കർഷകർക്ക് സാധിക്കും. പഴയകാല നാടൻ ചന്തയുടെ നന്മ അതേപടി നിലനിറുത്തി ആധുനിക സമൂഹത്തിന് നൽകുക എന്ന ആശയമാണ് ഇവിടെ നടപ്പാവുന്നത്. ഹെഡ് ഓഫീസിന് സമീപം ബാങ്കിന്റെ ഉടമസ്ഥതയിലുള്ള 60 സെന്റ് സ്ഥലത്തെ നാട്ടുചന്ത 17ന് രാവിലെ 11ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. പി.കെ.ശശി എം.എൽ.എ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, രജിസ്ട്രാർ ഡോ.എൻ.ടി.എൽ.റെഢി പങ്കെടുക്കുമെന്ന് റൂറൽ ബാങ്ക് പ്രസിഡന്റ് കെ.സുരേഷ്, സെക്രട്ടറി എം.പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് രമ സുകുമാരൻ തുടങ്ങിയവർ അറിയിച്ചു.
നാടൻ കോഴി വിപണനവും
അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറിയിലെ വിഷാംശത്തെ കുറിച്ച് ഏറെ ചർച്ച ചെയ്യുന്ന മലയാളികൾ ഇതേ സ്ഥലങ്ങളിൽ നിന്നും വരുന്ന ഹോർമോണും വിഷാംശവും അടങ്ങിയ കോഴിയിറച്ചി ഉൾപ്പെടെയുള്ളവയെ കുറിച്ച് ഗൗരവമായി ചിന്തിക്കുന്നില്ല. ഇതിനുള്ള പരിഹാരമായി നാടൻ കോഴികളെ നമ്മുടെ നാട്ടിൽ തന്നെ ഉല്പാദിപ്പിച്ച് നാട്ടുചന്തയിലൂടെ നൽകും. ഇതിനായി പതിനായിരത്തിലേറെ നാടൻ കോഴികളെ വളർത്താനുള്ള പദ്ധതിക്കും തുടക്കമായി. കുടുംബശ്രീ മുഖാന്തിരം നടപ്പാക്കുന്ന പദ്ധതി നിരവധി വീട്ടമ്മമാർക്ക് വരുമാനമേകും.
-എം.പുരുഷോത്തമൻ, സെക്രട്ടറി, റൂറൽ ബാങ്ക്.