നെന്മാറ: നെല്ലിയാമ്പതി മലനിരകളുടെ പടിഞ്ഞാറെ ചെരിവിൽ ജനവാസ കേന്ദ്രമായ കരിമ്പാറയിൽ കലമാൻകുഞ്ഞ് റോഡിലേക്കിറങ്ങി. ഒരുമാസം പ്രായമുള്ള കലമാനിന്റെ ആൺകുഞ്ഞാണ് നാടുകാണാനിറങ്ങിയത്. ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം. മാൻ കുഞ്ഞിന്റെ അമ്മയോ കൂട്ടത്തിലുള്ള മറ്റുമാനുകളോ ഉണ്ടായിരുന്നില്ല.
കുറുക്കന്റെയോ പുലിയുടെയോ ആക്രമണത്തിന് നിന്ന് രക്ഷപ്പെട്ട് കാടിറങ്ങിയതാവാം. ശരീരത്തിൽ പരിക്കുകൾ ഒന്നുമില്ല. സമീപവാസികളോട് വളരെ പെട്ടെന്നു തന്നെ മാൻ കുഞ്ഞ് സൗഹൃദത്തിലായത് ഏറെ കൗതുകമായി. വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ജീവനക്കാരെത്തി മാൻ കുഞ്ഞിനെ സമീപത്തെ കാട്ടിലേക്ക് വിട്ടയച്ചെങ്കിലും തിരികെ റോഡിലേക്കുതന്നെ വരികയായിരുന്നു. ശേഷം പോത്തുണ്ടി വനം സെക്ഷൻ ഓഫീസിലേക്ക് കൊണ്ടപോയി. പാലും തീറ്റയും കൊടുത്തു സംരക്ഷിച്ച് വനത്തിലേക്ക് കയറ്റിവിടും എന്ന് നെല്ലിയാമ്പതി ഫോറസ്റ്റ് റേഞ്ച് ഓഫീസർ കൃഷ്ണദാസ് അറിയിച്ചു.