keralassery
വർഷങ്ങൾക്ക് മുമ്പ് നാട്ടുകാർ റോഡിനായി നൽകിയ സ്ഥലം നടവഴി മാത്രമായി മാറിയപ്പോൾ.

നിരങ്ങൻപാറ നിവാസികളുടെ കാത്തിരിപ്പിന് പതിറ്റാണ്ടിന്രെ പഴക്കം

സ്ഥലം വിട്ടുനൽകിയിട്ടും അധികൃതരുടെ അവഗണന മാത്രം ബാക്കി

കോങ്ങാട്: ഗതാഗത സൗകര്യത്തിന് സ്ഥലം വിട്ടുനൽകി നിരങ്ങൻപാറ അടിവാരം നിവാസികളായ 65 കുടുംബങ്ങൾ പ്രതീക്ഷയോടെ കാത്തിരിപ്പ് തുടങ്ങി പത്തുവർഷം പിന്നിട്ടിട്ടും ജനപ്രതിനിധികളുടെയും അധികൃതരുടെയും അനങ്ങാപ്പാറ നയത്തിന് ഒരു മാറ്റവുമില്ല. കേരളശേരി- കോങ്ങാട് പഞ്ചായത്ത് അതിർത്തിയിലാണ് ഈ പ്രദേശം.

കേവലം ഒരു കിലോമീറ്റർ മാത്രമുള്ള ചെറിയൊരു റോഡ് നിർമ്മിക്കാൻ ഇരുപഞ്ചായത്തും മുൻകൈ എടുക്കാത്തത് മൂലം പ്രായമായവരും വിദ്യാർത്ഥികളും നിർദ്ധന കൂലിപ്പണിക്കാരുമടങ്ങുന്ന വലിയൊരു വിഭാഗം പാടവും പറമ്പും കുന്നും മലയും കയറിയിറങ്ങി തങ്ങളുടെ ദുരിതം നടന്നുതീർക്കുകയാണ് ഓരോ ദിവസവും.

പാടശേഖരത്തിലൂടെ റോഡിനായി പത്തുവർഷം മുമ്പ് നാട്ടുകാർ സ്ഥലം വിട്ടുനൽകിയിരുന്നു. സ്ഥലമേറ്റെടുത്ത കേരളശേരി പഞ്ചായത്ത് അതിര് തരംതിരിച്ച ശേഷം തുടർ നടപടിയിലേക്ക് കടന്നില്ല. 25 വർഷം മുമ്പ് നമ്പരത്തി തോടിന് കുറുകെ നിർമ്മിച്ച ഇടുങ്ങിയ നടപ്പാലമാണ് മറ്റൊരു ദുരിതം. ഇത് ബലക്ഷയം മൂലം അപകടാവസ്ഥയിലാണ്. എല്ലാ മഴക്കാലത്തും പാലം വെള്ളത്തിൽ മുങ്ങും. ഇതോടെ പ്രദേശം ഒറ്റപ്പെടും. ഒന്നര കിലോമീറ്റർ നടന്ന് പാറശേരിയിലെത്തി വേണം ആളുകൾക്ക് വാഹന സൗകര്യം ലഭ്യമാകാൻ. കാർഷിക യന്ത്രങ്ങൾ കൊണ്ടുവരാൻ കഴിയാതെ കർഷകരും ബുദ്ധിമുട്ടുന്നു. പത്തുവർഷമായി തുടരുന്ന അവഗണനയിൽ പ്രതിഷേധിച്ച് വാർഡുതലം മുതൽ പ്രധാനമന്ത്രി വരെ നീളുന്ന ജനപ്രതിനിധികൾക്ക് പരാതി സമർപ്പിച്ച് കാത്തിരിക്കുകയാണ് പ്രദേശവാസികൾ.

റോഡിന്റെയും പാലത്തിന്റെയും നിർമ്മാണം പൂർത്തിയാക്കാൻ 50 ലക്ഷം ചെലവുണ്ട്. തനത് വരുമാനവും പ്ലാൻ ഫണ്ട് വിഹിതവും വളരെ കുറച്ചേയുള്ളൂ. വലിയ തുക വകയിരുത്തിയുള്ള പദ്ധതി ഏറ്റെടുക്കാനാകില്ല. സ്ഥലം എം.എൽ.എ.യുടെ ശ്രദ്ധയിൽപ്പെടുത്തി റോഡ് വികസനം നടപ്പാക്കും.

-സെക്രട്ടറി, കേരളശേരി പഞ്ചായത്ത്.

പഞ്ചായത്ത് പരിധിയിലെ ചെറിയൊരു ഭാഗത്തെ പ്രവൃത്തി മാത്രമാണ് പൂർത്തിയാക്കാനുള്ളത്. ഇതിന്റെ നിർമ്മാണം മുൻഗണന ലിസ്റ്റിൽ ഉൾപ്പെടുത്തി ഏറ്റെടുക്കും.

-സെക്രട്ടറി, കോങ്ങാട് പഞ്ചായത്ത്.