ഒറ്റപ്പാലം: രുക്മിണി സ്വയംവരത്തിലെ കൃഷ്ണന്റെ പച്ചവേഷവും രുക്മിണിയുടെ മിനുക്ക് വേഷവും ഭാവ മുദ്രകൾ തെറ്റാതെ കളിമൺ ശില്പങ്ങളാക്കി വിസ്മയിപ്പിക്കുകയാണ് കുളപ്പുള്ളി സ്വദേശി സുകുമാരൻ. രണ്ട് പതിറ്റാണ്ട് മുമ്പ് ഉപേക്ഷിച്ച ശില്പ നിർമ്മാണം ഈ കൊവിഡ് കാലത്ത് പൊടിതട്ടിയെടുക്കുകയാണ് ഈ അറുപതുകാരൻ.
പണ്ട് അജന്ത - എല്ലോറ ഗുഹാശില്പങ്ങളടക്കം ക്ലാസിക്കൽ ശില്പങ്ങൾ ഇത്തരത്തിൽ സുകരമാരന്റെ കരവിരുതിൽ പുനർജനിച്ചിരുന്നു. ചിത്രകലയോ, ശില്പകലയോ പഠിച്ചിട്ടില്ല... കഥകളിയെ അടുത്തറിഞ്ഞ് ആസ്വദിക്കാറുണ്ട്. കഥകളിക്കാരെയും അവരുടെ ചുട്ടിയടക്കം അണിയറവേഷങ്ങളെയും താത്പര്യപൂർവ്വം ശ്രദ്ധിക്കാറുണ്ട്. അതാണ് കഥകളിവേഷങ്ങളെ കളിമണ്ണും, ഫൈബറും, പ്ലാസ്റ്ററ്റർ ഓഫ് പാരീസും ചേർത്ത് നിർമ്മിക്കാൻ ധൈര്യം തന്നതെന്ന് സുകുമാരൻ പറയുന്നു. നിലവിൽ കുളപ്പുള്ളി ബസ് സ്റ്റാന്റിൽ ചെറിയ വിവാഹബ്യൂറോ നടത്തുകയാണ്. കൊവിഡ് കാലത്ത് ഉപജീവനം പ്രതിസന്ധിയിലായി. കടയിലെത്തി വെറുതെയിരിക്കുന്ന നേരത്തുതോന്നിയ ചിന്തയാണ് ' രുക്മിണിയും കൃഷ്ണനും'. രണ്ട് മാസത്തിലേറെ സമയമെടുത്തു ശില്പ നിർമ്മാണത്തിന്. 15000 രൂപയാണ് ആകെ ചെലവ്.
അഞ്ചരയടി ഉയരമുണ്ട് കൃഷ്ണശില്പത്തിന്, രുക്മിണിക്ക് അഞ്ചടിയും. കഥകളി ചിട്ടപ്രകാരം തന്നെ ആടയാഭരണങ്ങൾ അണിയിച്ച് വേഷങ്ങളിലെ തനിമ നിലനിറുത്തിയിട്ടുണ്ട്. കഥകളി ഭാവ പ്രധാനമായ കലയായതിനാൽ ശില്പങ്ങളിലും മുഖഭാവത്തിനും മുദ്രകളിലും ഒട്ടും വിട്ടുവീഴ്ച ചെയ്തിട്ടില്ല സുകുമാരൻ.
കുളപ്പുള്ളി കയിലിയാട് റോഡിൽ ശാരിക നിവാസിൽ ഭാര്യ ലക്ഷ്മിയും മക്കളായ ശ്രീദേവും, ശ്രീഹരിയും സുകുമാരന്റെ ശില്പ നിർമ്മാണത്തിന് പിന്തുണ നൽകുന്നു. കഥകളി രൂപങ്ങൾക്കൊപ്പം മൺമറഞ്ഞ കഥകളി ആശാൻമാർക്കും ശില്പങ്ങളിലൂടെ പുനർജന്മം നൽകണം, അവയ്ക്ക് കലാമണ്ഡലത്തിന്റെ തിരുമുറ്റത്തൊരിടം കിട്ടണമെന്നുമാണ് ഈ കലാകാരന്റെ വലിയ ആഗ്രഹം.