child
.

വിളിക്കാം 1517, 1098

പാലക്കാട്: കൊവിഡിന്റെ പശ്ചാത്തലത്തിൽ പത്ത് വയസിൽ താഴെയുള്ള കുട്ടികളുടെ മാനസിക സമ്മർദം കുറയ്ക്കാനായി ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതതൃത്വത്തിൽ കൗൺസിലിംഗ് സംഘടിപ്പിക്കുന്നു. ശിശുസംരക്ഷണ കേന്ദ്രങ്ങളിൽ കുട്ടികളിലെ മാനസിക പിരിമുറുക്കവും അസ്വസ്ഥതകളും പരിഹരിക്കാൻ ഓൺ കോൾ കൗൺസിലർ സേവനം ലഭ്യമാണ്. മാനസിക സമ്മർദവും മറ്റ് പ്രശ്നങ്ങളും അനുഭവപ്പെടുന്ന കുട്ടികൾക്ക് 1517 (തണൽ), 1098 (ചൈൽഡ് ഹെൽപ് ലൈൻ) എന്നീ നമ്പറുകളിൽ വിളിക്കാം.

വിവിധ കാരണങ്ങളാൽ സ്വന്തം വീടുകളിൽ കഴിയാൻ സാധിക്കാത്ത കുട്ടികളെയും പ്രത്യേക സാഹചര്യങ്ങളിൽ നിന്നും രക്ഷപ്പെടുത്തി കൊണ്ടുവരുന്ന കുട്ടികളെയും പാർപ്പിക്കുന്നതിനായി ക്വാറന്റൈൻ കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ജില്ലയിൽ ആകെ 58 ശിശുസംരക്ഷണ സ്ഥാപനങ്ങളുണ്ട്. ഇതിൽ 37 സ്ഥാപനങ്ങളിലായി നിലവിൽ 279 കുട്ടികളാണ് താമസിക്കുന്നത്. കുട്ടികൾ താമസിക്കുന്ന മുഴുവൻ ശിശുസംരക്ഷണ സ്ഥാപനങ്ങളിലേക്കും ആവശ്യമായ മാസ്‌ക്, സാനിറ്റൈസർ, ഹാന്റ് വാഷ് എന്നിവ ലഭ്യമാക്കുന്നുണ്ട്. മുഴുവൻ കുട്ടികൾക്കും പഠന സൗകര്യവും മാനസിക ഉല്ലാസവും ഉറപ്പാക്കുമെന്ന് അധികൃതർ പറഞ്ഞു.

വനിതാശിശു വികസന വകുപ്പിന് കീഴിലുള്ള സൈക്കോ സോഷ്യൽ കൗൺസിലേഴ്‌സ് മുഖേന കുട്ടികൾക്ക് കൗൺസിലിങ്ങും നൽകുന്നുണ്ട്. ഒ.ആർ.സി (അവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ) പദ്ധതിയിലൂടെ 'കുട്ടി ഡെസ്ക് ' എന്ന പേരിൽ ജില്ലയിലെ 20 സ്‌കൂളുകളിൽ നിന്ന് തിരഞ്ഞെടുത്ത 1500ലധികം കുട്ടികൾക്ക് ടെലിഫോൺ മുഖേന മാനസിക പിന്തുണയും കൊവിഡ് ബോധവത്കരണവും നൽകുന്നു. സർക്കാരിന്റെ ചിരി പദ്ധതിയുടെ ഭാഗമായി ശിശുസൗഹൃദ പൊലീസ് സ്റ്റേഷനുകളുമായി സഹകരിച്ച് സ്റ്റുഡന്റ് കേഡറ്റുകൾ മുഖേന ആത്മഹത്യ പ്രവണതയും മറ്റ് മാനസിക പിരിമുറുക്കങ്ങളും ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങളും നടപ്പിലാക്കി വരുന്നു.

ലയൺസ് ക്ലബ് പാലക്കാട് ഹെറിറ്റേജ് സിറ്റിയുടെ നേതൃത്വത്തിൽ 'കരുതൽ- ചെൽഡ് കെയർ പ്രൊജക്ട് ' നടപ്പിലാക്കി വരുന്നുണ്ട്. ഇതിന്റെ ഭാഗമായി കുട്ടികൾക്കുള്ള കരകൗശല നിർമ്മാണ കിറ്റ് വിതരണവും ഓൺലൈനായി പരിശീലന കളരിയും നടത്തും.

-ജില്ലാ ശിശുസംരക്ഷണ ഓഫീസർ.