auto
ഇലക്ട്രിക് ഒട്ടോയുമായി മോഹനൻ.

ചെർപ്പുളശേരി: പെട്രോൾ, ഡീസൽ വില നിത്യവും കുതിച്ചുയരുമ്പോൾ ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് പ്രിയമേറുകയാണ്. ഇന്ധന വില വർദ്ധനവ് കാരണം ഒട്ടോ ഓടി കുടുംബം പുലർത്താൻ പാടുപെടുമ്പോഴാണ് ഇലക്ട്രിക് ഒട്ടോകൾ നിരത്തുകളിൽ സ്ഥാനം പിടിക്കുന്നത്. കഴിഞ്ഞ ദിവസം ഇലക്ട്രിക് ഓട്ടോ ചെർപ്പുളശേരിയിലുമെത്തി. സെക്രട്ടറിപ്പടി സ്വദേശി മോഹനനാണ് പെട്രോളിൽ നിന്നും ചുവടുമാറ്റി ഇലക്ട്രിക് ഓട്ടോ നിരത്തിലിറക്കിയത്. സാധാരണ ഓട്ടോകളുടെ പോലെ ശബ്ദമോ പുക മലിനീകരണമോ ഒന്നുമില്ലെന്നതാണ് ഇലക്ട്രിക് ഓട്ടോയുടെ പ്രധാന പ്രത്യേകത.

വൈദ്യുതി ഉപയോഗിച്ച് ചാർജ് ചെയ്ത് ഓടിക്കാം. അറ്റകുറ്റപ്പണികളും കുറവാണ്. മൂന്ന് മണിക്കൂർ ചാർജ് ചെയ്താൽ 130 കിലോമീറ്റർ വരെ സഞ്ചരിക്കാം. ക്ലച്ചോ ഗിയറോ ഇല്ല. 50 കിലോമീറ്ററാണ് പരമാവധി വേഗത. വീട്ടിൽ നിന്നോ മറ്റു സൗകര്യപ്രദമായ സ്ഥലത്ത് നിന്നോ മൊബൈൽ ചാർജ്ജ് ചെയ്യുന്ന പോലെ ഓട്ടോ ചാർജ് ചെയ്യാം. രണ്ടര ലക്ഷം രൂപയ്ക്കാണ് മഹീന്ദ്ര കമ്പനിയുടെ ഇലക്ട്രിക് ഓട്ടോ വാങ്ങിയത്. ഇതിൽ 30,000 രൂപ സർക്കാർ സബ്‌സിഡിയുണ്ട്.

ഇന്ധന വില കണക്കുകൂട്ടുമ്പോൾ ഇലക്ട്രിക് ഓഒട്ടോ ഏറെ ലാഭകരമാണെന്നും വൈദ്യുതി ചാർജ് അധികം വരുന്നില്ലെന്നും മോഹനൻ പറഞ്ഞു. എന്നാൽ ചാർജിംഗ് സ്റ്റേഷനുകൾ എല്ലായിടത്തും ഇല്ലാത്തത് ഇപ്പോൾ ഒരു പ്രശ്നമാണ്. കൂടുതൽ ഇലക്ട്രിക് ഓട്ടോകൾ നിരത്തിലിറങ്ങുന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.