ഒറ്റപ്പാലം: കർഷക ദിനത്തിൽ തനി കർഷകനായി ജന്മനാട്ടിലെ പരുത്തിപ്ര പാടത്തിറങ്ങി വിത്തിറക്കി വി.കെ.ശ്രീകണ്ഠൻ എം.പി കർഷകർക്ക് ആവേശമായി. പഴയകാല കർഷകനായ മുടിഞ്ഞാറേതിൽ ഗംഗാധരന്റെ ഒരേക്കർ പാടത്ത് നെൽകൃഷിയിൽ പങ്കാളിയായാണ് എം.പി കർഷക വേഷമണിഞ്ഞത്.
രാവിലെ ഒമ്പതരയോടെ എത്തിയ എം.പി പാടത്തിറങ്ങി ആദ്യം ട്രാക്ടർ കൊണ്ട് നിലമുഴുതു. കണ്ടം നന്നായി പൂട്ടി ഒന്നര മണിക്കൂർ പാടത്ത് ചിലവിട്ടു. ശേഷം ഉമ നെൽവിത്ത് പാകി. 20-22 ദിവസത്തെ മൂപ്പെത്തിയാൽ ഞാറ് പറിച്ചുനടും. 110-120 ദിവസത്തെ വളർച്ചയെത്തിയാൽ കൊയ്തെടുക്കാം. നടീൽ പ്രവർത്തനങ്ങൾക്കും കൊയ്ത്തിനും മറ്റുമായി ഇനിയും താനെത്തുമെന്ന് ഉറപ്പു പറഞ്ഞാണ് എം.പി മടങ്ങിയത്.
ജലസേചന സൗകര്യത്തിന്റെ അഭാവം മൂലം കർഷകർ കൃഷി കൈയൊഴിയുന്ന പാടശേഖരമാണിത്. കർഷക ദിനത്തിൽ എം.പിയുടെ കൃഷിയിറക്കൽ കർഷകർക്ക് അംഗീകാരവും ആവേശവുമായി. വയൽ അനുഭവം ഏറെ സന്തോഷമുണ്ടാക്കിയതായി എം.പി പറഞ്ഞു. കാർഷിക ജില്ലയായ പാലക്കാടിന് പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യം പാർലിമെന്റിൽ ഉന്നയിച്ച് നേടിയെടുക്കുമെന്നും ജില്ലയുടെ കാർഷിക പ്രാധാന്യവും പ്രൗഢിയും തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.