ചെർപ്പുളശേരി: കൊവിഡിനെ തുടർന്ന് കുലത്തൊഴിൽ നിലച്ചതോടെ വഴിയരികിൽ ഫിനോയിലും മസാലക്കൂട്ടും വില്പന നടത്തുകയാണ് മഞ്ചക്കൽ നാലുസെന്റ് കോളനിയിലെ ഭാനുമതിയും ദേവയാനിയും. ഉത്സവപ്പറമ്പുകളിലും വീടുകളിലും പോയി ആളുകളുടെ ഭൂതവും ഭാവിയുമെല്ലാം പറഞ്ഞിരുന്ന ഇവർക്ക് കൊവിഡ് നിയന്ത്രണം വന്നതോടെ ജീവിതം വഴിമുട്ടി. ഉത്സവങ്ങളെല്ലാം ഒഴിവാക്കിതോടെ വരുമാനം നിലച്ചു.
വീടുകളിൽ പോയി കൈനോക്കാമെന്ന് വച്ചാൽ കൊവിഡ് ഭീതിയും മറ്റ് നിയന്ത്രണങ്ങളും കാരണം ആളുകൾ അടുപ്പിക്കാത്ത അവസ്ഥയും. ഈ സാഹചര്യത്തിൽ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെ വന്നതോടെയാണ് ഭാനുമതിയും ദേവയാനിയും ഫിനോയിലും മസാലക്കൂട്ടും വിൽക്കാൻ തെരുവോരത്തിറങ്ങിയത്. രണ്ടുപേരുടെയും ഭർത്താക്കന്മാർ വർഷങ്ങൾക്ക് മുമ്പേ മരണപ്പെട്ടതോടെ ജീവിത ഭാരം മുഴുവൻ ഇവരുടെ തോളിലായി. ജീവിത പ്രാരാബ്ധങ്ങളും കടങ്ങളും പേറി മുന്നോട്ട് പോകുന്നതിനിടെയാണ് കൊവിഡ് വഴിമുട്ടിച്ചതെന്ന് ഇരുവരും പറയുന്നു.
ലാഭം പ്രതീക്ഷിച്ചല്ല ഈ കച്ചവടം. ചില ദിവസങ്ങളിൽ കൈനീട്ടം പോലും കിട്ടാത്ത അവസ്ഥയാണ്. കൊവിഡ് പൂർണമായും വിട്ടുപോകാതെ ഇനി ഇവർക്ക് കുലത്തൊഴിൽ ചെയ്യാനാവില്ല. പ്രായത്തിന്റെ അവശതകളും ആരോഗ്യ പ്രശ്നങ്ങളുമുള്ളതിനാൽ മറ്റ് കഠിന ജോലികളും പറ്റില്ല. സർക്കാരിൽ നിന്ന് ലഭിക്കുന്ന സഹായം കൊണ്ടുമാത്രം മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യമാണ് ഇവർക്ക്. ജീവിതത്തിൽ ഇങ്ങനെയൊരു പ്രതിസന്ധി ആദ്യമാണെന്നും ഇവർ പറയുന്നു.