excise
ഗോപാലപുരം ചെക് പോസ്റ്റിൽ ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ച് പരിശോധന നടത്തുന്ന എക്‌സൈസ് അധികൃതർ

ചിറ്റൂർ: ഓണത്തോടനുബന്ധിച്ചുള്ള ലഹരിക്കടത്ത് തടയാൻ അതിർത്തികളിൽ എക്‌സൈസ് പരിശോധന ശക്തമാക്കി. വാളയാർ മുതൽ ഗോവിന്ദാപുരം വരെയുള്ള കിഴക്കൻ അതിർത്തിയിലെ ഏഴ് ചെക്ക് പോസ്റ്റുകളിലും ഊടുവഴികളിലും പരിശോധന കർശനമാക്കും. ഇതിന്റെ ഭാഗമായി കൂടുതൽ സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്.

സ്‌പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസം വാളയാർ, ഗോപാലപുരം എന്നിവടങ്ങളിൽ പരിശോധന നടത്തി. വരും ദിവസങ്ങളിൽ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു. അസി.കമ്മിഷണർ രമേശ്, റേഞ്ച് ഇൻസ്പെക്ടർ സി.പി.മധു, ഡോഗ് സ്‌ക്വാഡ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

ലോക്ക് ഡൗണിനെ തുടർന്ന് കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും വരവ് കുറഞ്ഞിരുന്നു. പക്ഷേ,​ ഓണവിപണി കൊഴുപ്പിക്കാൻ സ്പിരിറ്റ്, കഞ്ചാവ്,​ മയക്കുമരുന്നുകൾ വ്യാപകമായെത്താനുള്ള സാദ്ധ്യത മുന്നിൽ കണ്ടാണ് പരിശോധന ശക്തമാക്കുന്നത്.