covid
.

പാലക്കാട്: കൊവിഡ് രോഗവ്യാപനം തടയുന്നതിനായി കണ്ടയ്ൻമെന്റ് സോൺ പ്രഖ്യാപിക്കുന്നത് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു. രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളിൽ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് ദുരന്ത നിവാരണ അതോറിറ്റി മാർഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്.

രോഗവ്യാപനം തടയാൻ ജില്ലാ കലക്ടർ, ജില്ലാ മെഡിക്കൽ ഓഫീസറുമായി ബന്ധപ്പെട്ട് തീവ്രബാധിത മേഖല കണ്ടെത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് റിപ്പോർട്ട് ചെയ്യും. ദുരന്ത നിവാരണ അതോറിറ്റി രോഗവ്യാപന തോത് കണക്കാക്കി കണ്ടയ്ൻമെന്റ് സോൺ നിശ്ചയിച്ച് ആരോഗ്യക്ഷേമ വകുപ്പ് മുഖേനയാണ് സോൺ പ്രസിദ്ധീകരിക്കുക. ഒരു പ്രദേശം കണ്ടെയ്ൻമെന്റ് സോൺ ആക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട ആരോഗ്യ പ്രവർത്തകർ, പൊലീസ് എന്നിവരുമായി ചർച്ച ചെയ്താണ് ദുരന്ത നിവാരണ അതോറിറ്റിക്ക് റിപ്പോർട്ട് ചെയ്യുന്നത്. ഏതെങ്കിലും മേഖലകളിൽ കൂടുതൽ നിയന്ത്രണം ആവശ്യമാണെങ്കിൽ ഏർപ്പെടുത്താൻ ജില്ലാ കലക്ടർക്ക് അധികാരമുണ്ട്.

തദേശ സ്ഥാപന അധികൃതർ സ്വമേധയാ കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിക്കുന്നതും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും സർക്കാർ നിർദേശങ്ങളുടെ ലംഘനവും അധികാര ദുർവിനിയോഗവുമായി കണക്കാക്കും. സർക്കാർ വ്യവസ്ഥ പാലിക്കാതെ ഉത്തരവ് പുറപ്പെടുവിക്കുന്നത് പൊതുജനങ്ങൾക്കും വ്യാപാരി വ്യവസായികൾക്കും വിവിധ സർക്കാർ- സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ആശയക്കുഴപ്പമുണ്ടാക്കുകയും രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് തടസമുണ്ടാക്കുകയും ചെയ്യും. ഇത്തരം ഉത്തരവ് നിയമ സാധുതയില്ലാത്തതാണ്. തുടർന്നും ഇത്തരം ഉത്തരവ് പുറപ്പെടുവിക്കുന്ന അധികാരികൾക്കെതിരെ ദുരന്തനിവാരണ നിയമം, കേരള പകർച്ചവ്യാധി നിയന്ത്രണ നിയമം എന്നിവ പ്രകാരമുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

കണ്ടെയ്ൻമെന്റ് സോണുകളിലെ നിയന്ത്രണങ്ങൾ

1. വ്യവസായ/വാണിജ്യ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കരുത്.
2. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ,​ മെഡിക്കൽ ഷോപ്പുകൾ, മിൽമ ബൂത്തുകൾ, പെട്രോൾ പമ്പുകൾ രാവിലെ ഒമ്പതുമുതൽ വൈകിട്ട് ഏഴുവരെ മാത്രം.
3. പാൽ സംഭരണം/വിതരണം ഗ്യാസ് വിതരണം എന്നിവ നടത്താം.
4. ആശുപത്രി, നഴ്സിംഗ് ഹോം, ലബോറട്ടറി, ആംബുലൻസ്, കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി, ബാങ്ക്, എ.ടി.എം, അക്ഷയ കേന്ദ്രങ്ങൾ എന്നിവയെ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കി. ബാങ്കുകൾ 50% കുറവ് ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം.
5. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകൾക്ക് തുറന്ന് പ്രവർത്തിക്കാം. ഹാജരാകേണ്ട ജീവനക്കാരുടെ എണ്ണം മേധാവിക്ക് തീരുമാനിക്കാം. മറ്റ് ഓഫീസുകളിൽ അത്യാവശ്യ സേവനങ്ങൾക്ക് 50% കുറവ് ജീവനക്കാർ മാത്രം. അത്യാവശ്യ ഘട്ടങ്ങൾ ഇല്ലാത്ത സാഹചര്യങ്ങളിൽ ഓഫീസ് മേധാവി മാത്രം ഹാജരാകണം.
6. നിയന്ത്രണ മേഖലകളിൽ പൊതുവാഹന ഗതാഗതം അനുവദിക്കില്ല. ദീർഘദൂര ബസുകൾക്ക് കടന്ന് പോകാമെങ്കിലും മേഖലയിൽ യാത്രക്കാരെ കയറ്റാനോ ഇറക്കാനോ പാടില്ല.
7. ഓട്ടോ- ടാക്സി മുതലായവ അത്യാവശ്യ ഘട്ടങ്ങളിൽ നിയന്ത്രണ വിധേയമായി സർവീസ് നടത്താം.
8. രാത്രി ഒമ്പതുമുതൽ രാവിലെ ഏഴുവരെ കർഫ്യൂ കർശനമായും നിലനിൽക്കും. ആശുപത്രി, മറ്റ് അത്യാവശ്യ യാത്രകൾ നിയന്ത്രണ വിധേയമായി നടത്താം.
9. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ എന്നിവർ ആശുപത്രി ആവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്.
10. വീടുകളിലും പൊതുസ്ഥലങ്ങളിലുമുളള ഒത്തുചേരൽ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.
11. മുമ്പ് നിശ്ചയിച്ചിട്ടുളള വിവാഹങ്ങൾ ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസറെ അറിയിച്ച ശേഷം 50 പേരെ മാത്രം ഉൾപ്പെടുത്തി നടത്താം.
12. മരണ വീടുകളിൽ 20 പേരിൽ കൂടുതൽ ഒത്തുചേരുന്നത് നിരോധിച്ചിരിക്കുന്നു.
13. സമരങ്ങൾ, പ്രകടനങ്ങൾ, പൊതുപരിപാടികൾ എന്നിവ കർശനമായും നിരോധിച്ചിരുന്നു.
14. ആഴ്ച ചന്തകളും വഴിവാണിഭങ്ങളും മത്സ്യകമ്പോളങ്ങളും പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.
15. ആരാധനാലയങ്ങളിൽ പ്രവേശനം കർശനമായും നിരോധിച്ചിരിക്കുന്നു.
16. പത്ര വിതരണം, മാദ്ധ്യമ പ്രതിനിധികളുടെ പ്രവേശനം എന്നിവ നിയന്ത്രണങ്ങൾക്ക് വിധേയമായി അനുവദിച്ചിരിക്കുന്നു.
17. അടിയന്തര സാഹചര്യങ്ങളിൽ മാത്രം പൊതുജനങ്ങൾക്ക് പുറത്തയ്ക്ക് പോകാൻ അനുവാദമുളളൂ.