elephant
കാട്ടാന കീരിപ്പതിലെത്തിയപ്പോൾ

അഗളി: സ്പോടനത്തിൽ വായ തകർന്ന് ഗർഭിണിയായ ആന വെള്ളിയാ‍ർ പുഴയിൽ ചരിഞ്ഞതിന് സമാനമായി അട്ടപ്പാടിയിലും ഗുരുതര പരിക്കുകളോടെ കാട്ടാനയെ കണ്ടെത്തി. സംസ്ഥാനാതിർത്തിയോട് ചേർന്ന് കീരിപ്പതി വനമേഖലയിലാണ് പരിക്കേറ്റ ആനയെ കണ്ടെത്തിയത്.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഡി.എഫ്.ഒയുടെ നേതൃത്വത്തിൽ വനപാലകർ ചികിത്സ ലഭ്യമാക്കാനുള്ള ശ്രമം ആരംഭിച്ചു. ഇന്ന് വെറ്ററിനറി ഡോക്ടറെത്തി ആനയെ പരിശോധിക്കും.

അഗളി- ഷോളയൂർ പ്രദേശങ്ങളിൽ മാസങ്ങളായി കാട്ടാനശല്യം രൂക്ഷമാണ്. ജനവാസ മേഖലയിലേക്കിറങ്ങുന്ന ആന പ്രദേശത്തെ 12ഓളം വീടുകൾ തകർത്തു. തുടർന്ന് ആനയ്ക്ക് 'ബുൾഡോസർ" എന്ന വിളിപ്പേരും കിട്ടി. ആക്രമണം വർദ്ധിച്ചതോടെ റേഡിയോ കോളർ ധരിപ്പിക്കാൻ വനം വകുപ്പ് നടപടി ആരംഭിച്ചെങ്കിലും കുറച്ചുദിവസമായി ആനയെ പ്രദേശത്ത് കണ്ടിരുന്നില്ല.

സംസ്ഥാനാതിർത്തിയായതിനാൽ തമിഴ്നാട് വനമേഖലയിലേക്ക് പോയിരിക്കാൻ സാദ്ധ്യതയേറെയാണെന്ന് അധികൃതർ പറയുന്നു. ഇവിടെ നിന്നാകാം പരിക്കേറ്റത്. തിങ്കളാഴ്ച വൈകിട്ട് ആറോടെ ആനക്കട്ടിക്ക് സമീപം തൂവയിൽ ആനയെ വീണ്ടും കണ്ടെത്തി. ഊരിലെ ആദിവാസികളാണ് ആനയ്ക്ക് പരിക്കേറ്റ വിവരം വനം വകുപ്പിനെ അറിയിച്ചത്. ഇന്നലെ ഉച്ചയോടെ ആന കീരിപ്പതി വനമേഖലയിലെത്തി.

മുറിവ് ഗുരുതരം

വെള്ളിയാറിൽ ഗർഭിണിയായ ആനയ്ക്ക് സ്ഫോടനത്തിൽ പരിക്കേറ്റതിന് സമാനമായ രീതിയിലുള്ള മുറിവുകളാണ് ഈ കാട്ടാനയ്ക്കും. മുറിവിന്റെ കാലപ്പഴക്കം പരിശോധനയിലേ വ്യക്തമാകൂ. ഗുരുതര പരിക്കായതിനാൽ കഴിഞ്ഞ രണ്ടുദിവസമായി ആന ഭക്ഷണം കഴിച്ചിരിക്കാൻ സാദ്ധ്യത കുറവാണെന്നും എത്രയും പെട്ടെന്ന് ചികിത്സ ലഭ്യമാക്കുമെന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു. അടുത്ത കാലത്തായി 17 ആനകളാണ് ആനക്കട്ടിക്കപ്പുറം കോയമ്പത്തൂർ വനമേഖലയിൽ മാത്രം ചരിഞ്ഞിട്ടുള്ളത്.