bio-diesel
.

പാലക്കാട്: സംസ്ഥാനത്തെ ജയിലുകളിലെ ഭക്ഷ്യയൂണിറ്റുകളിൽ ഉപയോഗിച്ച എണ്ണ ബയോ ഡീസലാക്കാൻ ഒരുങ്ങി ജയിൽവകുപ്പ്. ഇതിനായി ലിറ്ററിന് 25 രൂപ നിരക്കിൽ ബയോഡീസൽ നിർമ്മിക്കുന്ന കമ്പനികൾക്ക് വിൽക്കുമെന്ന് അധികൃതർ പറഞ്ഞു. ഡീസൽ എൻജിൻ വാഹനങ്ങളിൽ ഉപയോഗിക്കാവുന്ന വിധത്തിലാണ് നിർമ്മാണം.

സംസ്ഥാനത്തെ മൂന്ന് സെൽട്രൽ ജയിലിലടക്കം 12 ജയിലുകളിലാണ് ഭക്ഷ്യയൂണിറ്റുകൾ ഉള്ളത്. പ്രതിദിനം ശരാശരി ഒന്നരടൺ ഭക്ഷ്യഎണ്ണയാണ് ഇവിടെങ്ങളിൽ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഭക്ഷ്യ എണ്ണ ബയോഡീസലാക്കുന്ന പദ്ധതി ഭക്ഷ്യസുരക്ഷാവകുപ്പ് നേരത്തെ നടത്തിയിരുന്നു. 2019ൽ ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിട്ടിയും ബയോഡീസൽ അസോസിയേഷൻ ഒഫ് ഇന്ത്യയും ചേർന്ന് റീ-പർപ്പസ് യൂസ്ഡ് കുക്കിംഗ് ഓയിൽ എന്ന പദ്ധതിയും നടപ്പാക്കിയിട്ടുണ്ട്. മുമ്പ് ചില സോപ്പുനിർമ്മാണ കമ്പനികളും ജയിലുകളിൽ നിന്ന് ഉപയോഗം കഴിഞ്ഞ എണ്ണ വാങ്ങിയിരുന്നു. ഇതെല്ലാം ഏകീകരിച്ചുള്ള പദ്ധതിക്കാണ് ജയിൽ വകുപ്പ് രൂപം നൽകിയിരിക്കുന്നത്.


 എണ്ണ ബയോഡീസലാക്കാൻ നൽകുന്നതിലൂടെ സർക്കാരിന് കൂടുതൽ വരുമാനം ലഭ്യമാകും. കൂടാതെ ജയിലുകളിൽ കൂടുതൽ പെട്രോൾ പമ്പുകൾ തുടങ്ങാനും ജയിൽവകുപ്പിന് ആലോചനയുണ്ട്. നിലവിലുള്ള നാല് പമ്പുകളാണുള്ളത്. ശരാശരി നൂറുകോടിയാണ് പമ്പുകളിൽ നിന്ന് പ്രതീക്ഷിക്കുന്ന വിറ്റുവരവ്. കൊവിഡ് വ്യാപനത്തിന്റെ സൗഹചര്യത്തിൽ ജയിലിലെ തടവുകാർക്കും ജീവനക്കാർക്കും ആന്റിജൻ ടെസ്റ്റ് നടത്തണമെന്നാവശ്യപ്പെട്ട് ഡി.എം.ഒയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. കൂതാതെ പരോൾ കാലാവധി സെപ്തംബർ 30 വരെ ദീർഘിപ്പിക്കണമെന്നാവശ്യപ്പെട്ടും സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ട്.

കെ.അനിൽകുമാർ, സൂപ്രണ്ട്, ജില്ലാ ജയിൽ, പാലക്കാട്.