forest
.

പാലക്കാട്: കൊവിഡിന്റെ പശ്ചാത്തലത്തിൽ നിറുത്തിവെച്ചിരുന്ന സൈലന്റ് വാലി ഇക്കോടൂറിസം പ്രവർത്തനങ്ങൾ പുനഃരാരംഭിച്ചു. സൈരന്ധ്രി സഫാരിയും കീരിപ്പാറ ട്രക്കിങ്ങുമാണ് പ്രവർത്തനം ആരംഭിച്ചത്. ഇവിടേക്കുള്ള ബുക്കിംഗ് തുടങ്ങി. പത്ത് വയസിന് താഴെയുള്ള കുട്ടികൾക്കും 60 വയസിന് മുകളിലുള്ളവർക്കും പ്രവേശനമുണ്ടാകില്ല. സൈലന്റ് വാലിയിൽ നിന്ന് 23 കിലോമീറ്ററുണ്ട് സൈരന്ധ്രിയിലേക്ക്. വനം വകുപ്പിന്റെ 20 വാഹനങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. ഒരു വാഹനത്തിൽ രണ്ടുപേർക്ക് വീതമാണ് പ്രവേശനം. 2500 രൂപയാണ് ഫീസ്. രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് പ്രവേശനം. അഞ്ചു മണിക്കൂറാണ് സഫാരി സമയം. എല്ലാ ദിവസവും പ്രവേശനം ഉണ്ടാകുമെന്ന് അധികൃതർ പറഞ്ഞു. കൊവിഡിന് മുമ്പ് പരമാവധി അഞ്ചു പേരെയാണ് ഒരു ജീപ്പിൽ കൊണ്ടുപോയിരുന്നത്. നിലവിലെ സാഹചര്യത്തിൽ വഴികാണിക്കാൻ ഗൈഡുമാർ ഉണ്ടാകില്ല. ഡ്രൈവർ മാത്രമാണ് ഉള്ളത്. കൊവിഡ് സുരക്ഷാ മാനദണ്ഡം പാലിച്ചാകും യാത്ര.

ശരീരോഷ്മാവ് പരിശോധിക്കും

സഞ്ചാരികൾക്ക് സാനിറ്റൈസർ, ഗ്ലൗസ് തുടങ്ങിയവ നൽകും. തെർമൽ സ്‌കാനർ ഉപയോഗിച്ച് ശരീരോഷ്മാവും പരിശോധിക്കും. ഡ്രൈവറുടെ ക്യാബിൻ അക്രിലിക് ഷീറ്റ് കൊണ്ട് മറച്ചിട്ടുണ്ട്. സന്ദർശകർക്ക് 8589895652 എന്ന നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യാം. രാവിലെ പത്തു മുതൽ വൈകീട്ട് അഞ്ചു വരെയാണ് ബുക്കിംഗ്. ജില്ലയിലെ മറ്റ് ഇക്കോ ടൂറിസം കേന്ദ്രങ്ങളായ നെല്ലിയാമ്പതി, പറമ്പിക്കുളം, ധോണി, മീൻവല്ലം, അനങ്ങൻമല എന്നിവിടങ്ങളും ഇന്നുമുതൽ കൊവിഡ് മാനദണ്ഡം പാലിച്ച് തുറക്കും.

-ഡി.എഫ്.ഒ, പാലക്കാട്.