കൊല്ലങ്കോട്: യെമനിൽ തദ്ദേശീയനായ തലാൽ അബ്ദുമഹ്ദിയെ വെട്ടിക്കൊന്ന് 110 കഷണങ്ങളാക്കിയ കേസിൽ നഴ്സായ തേക്കിൽചിറ പൂങ്കായം വീട്ടിൽ നിമിഷപ്രിയയുടെ വധശിക്ഷ യെമൻ അപ്പീൽ കോടതി ശരിവച്ചു. 2014ലാണ് കേസിനാസ്പദമായ സംഭവം.
വിവാഹ ശേഷമാണ് നിമിഷപ്രിയ ഭർത്താവുമായി യെമനിൽ ജോലിക്കായി പോകുന്നത്. പ്രസവം കഴിഞ്ഞ് ആറുമാസം പിന്നിട്ടതോടെ ഭർത്താവിനെയും കുഞ്ഞിനെയും നാട്ടിലേക്കയച്ചു. ആറുമാസം കഴിഞ്ഞേ തനിക്ക് തിരിച്ചുവരാൻ കഴിയൂവെന്ന് നിമിഷപ്രിയ നാട്ടിലറിയിച്ചു. തുടർന്ന് അവിടെ ക്ലിനിക്ക് നടത്തുന്ന അബ്ദുമഹ്ദിയും നിമിഷപ്രിയയും ഒരുമിച്ച് അപ്പാർട്ട്മെന്റിൽ താമസിക്കുന്നതിനിടെ സാമ്പത്തിക ഇടപാടിനെ ചൊല്ലി തർക്കമുണ്ടായി.
ഇതേ തുടർന്ന് മഹ്ദിയെ യെമൻ നഴ്സായ ഹനാന്റെ സഹായത്തോടെ വെട്ടിക്കൊന്ന് 110 കഷ്ണങ്ങളാക്കി ബാഗിൽ നിറച്ച് വാട്ടർടാങ്കിൽ തള്ളി. മൂന്ന് ദിവസത്തിനുശേഷം ദുർഗന്ധം വമിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ ഇവർ ഒളിവിൽ പോയെങ്കിലും യെമൻ പൊലീസ് പിടികൂടി സനായിലെ ജയിലിലാക്കി. 2017ൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായമഭ്യർത്ഥിച്ച് നിമിഷപ്രിയ രംഗത്ത് വന്നിരുന്നു. വിചാരണയ്ക്കൊടുവിൽ കൊടുംകൃത്യം നടത്തിയതിന് നിമിഷപ്രിയയ്ക്കുള്ള വധശിക്ഷ യെമൻ അപ്പീൽ കോടതി ശരിവച്ചു.