padam
ചാമക്കള വളർന്ന് കതിരായതിനെ തുടർന്ന് നെൽകൃഷി ഉപേക്ഷിക്കപ്പെട്ട നല്ലേപ്പിള്ളി നരിചിറ മോഹൻദാസിന്റെ പാടം.

ചിറ്റൂർ: നല്ലേപ്പിള്ളിയിലെ നെൽപ്പാടങ്ങളിലനുഭവപ്പെടുന്ന കളശല്യം കർഷകരെ ദുരിതത്തിലാക്കുന്നു. നടീൽ പാടങ്ങളിലും പൊടിവിതയിലും ഒരുപോലെ നെൽച്ചെടികൾക്കൊപ്പം കള വളർന്നിട്ടുണ്ട്. ഇത് പറിച്ചു കളയണമെങ്കിൽ വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാകും. നടീൽ കഴിഞ്ഞ് 15- 20 ദിവസത്തിനുള്ളിൽ ഒന്നാംകള പറിച്ചുകഴിഞ്ഞ് ഒന്നും രണ്ടും പ്രാവശ്യം രാസവള പ്രയോഗം നടത്തിയ പാടങ്ങണിലാണ് പറിച്ചാൽ തീരാത്തത്ര കള പെരുകിയത്.

തവട്ട, വാഴക്കള, ചേങ്ങോൽ, പാഴ്‌ച്ചെടികൾ എന്നിവയാണ് കൂടുതലായി തഴച്ച് വളർന്നത്. ഈ കളകൾ പറിച്ചെടുക്കാൻ വേണ്ട ചെലവ് ഭാരിച്ചതാണ്. കള പറിച്ചു കളയണമെങ്കിൽ ഒരേക്കറിന് 10 മുതൽ 15 വരെ തൊഴിലാളികൾ വേണ്ടി വരും. രണ്ടാംകള പറിക്കാൻ ഇത്തരത്തിൽ 5000 രൂപയിൽ കൂടുതൽ ചെലവ് വരും. സാമ്പത്തിക പ്രതിസന്ധി മൂലം പല കർഷകരും കള പറിക്കൽ ഉപക്ഷിച്ച മട്ടാണ്.

കള പറിച്ചെടുത്തില്ലെങ്കിൽ കതിരായി പാടത്ത് കൊഴിഞ്ഞു വീഴും. അത് അടുത്ത വിളയിൽ കള പതിന്മടങ്ങ് മുളച്ചുപൊന്താനും ഇടയാക്കും. ഇത് ഉല്പാദനം 50% വരെ കുറയാനും കാരണമാകുമെന്ന് കർഷകർ പറഞ്ഞു. കള പറിച്ചെടുക്കാൻ കഴിയാതെ പലരും കൃഷി ഉപേക്ഷിച്ച നിലയിലാണ്.

കളയുടെ ഉറവിടം സംബന്ധിച്ചും കളനാശിനി പ്രയോഗം സംബന്ധിച്ചും കർഷകരിൽ ബോധവത്കരണം നൽകണം. കളനാശിനി സൗജന്യമായോ സബ്‌സിഡി നിരക്കിലോ കർഷകന് ലഭ്യമാക്കണം. ഇതിനായി തൃതല പഞ്ചായത്ത് പദ്ധതികളിൽ തുക വകയിരുത്താൻ നടപടി വേണം.

-വി.രാജൻ, കർഷകൻ.