നെല്ലിയാമ്പതി: സഞ്ചാരികളുടെ പറുദീസയായ നെല്ലിയാമ്പതിയിൽ വിനോദ സഞ്ചാര വികസനത്തിനായി പദ്ധതി നടപ്പിലാക്കുന്നു. ഒന്നാം ഘട്ടമായി 5.13 കോടി രൂപയുടെ ഭരണമാനുമതി ലഭിച്ചു. 50 കോടിയുടെ വികസനത്തിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കാണ് അനുമതി ലഭിച്ചത്.
പോത്തുണ്ടി സാഹസിക ടൂറിസം പദ്ധതിക്ക് പിന്നാലെ നെല്ലിയാമ്പതിയിലും ടൂറിസം പദ്ധതി നടപ്പിലാക്കുന്നതോടെ ഉൾനാടൻ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാനാകും. പ്രദേശത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനും ഇതിലൂടെ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. സർക്കാർ ഓറഞ്ച് ഫാമിനോട് ചേർന്നുള്ള 25 ഏക്കർ സ്ഥലത്താണ് പദ്ധതി. നിലവിൽ ടൂറിസം വകുപ്പിന്റെ കൈവശമുള്ള ഭൂമിയിൽ ഹൈറ്റ്സ് എന്ന ഏജൻസിയുടെ നേതൃത്വത്തിൽ പ്രൊജക്ട് തയ്യാറാക്കിയിട്ടുണ്ട്.
ഇൻഫർമേഷൻ സെന്റർ, എസ്റ്റേറ്റ് ഓഫീസ്, റസ്റ്റോറന്റ്, കുട്ടികളുടെ പാർക്ക്, അഡ്വഞ്ചർ പാർക്ക്, ഡോർമെട്രി തുടങ്ങിയ സംവിധാനങ്ങളാണ് ഒരുക്കുന്നത്. നിലവിൽ സൗകര്യക്കുറവുള്ളതിനാൽ ദിനംപ്രതി എത്തുന്ന സഞ്ചാരികൾ കാഴ്ചകണ്ട് അന്നുതന്നെ മടങ്ങുന്ന സ്ഥിതിയാണ്.
പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ സഞ്ചാരികൾക്ക് കൂടൂതൽ സമയം ഇവിടെ ചിലവഴിക്കാൻ കവിയും. കുറഞ്ഞ ബഡ‌്ജറ്റിൽ നെല്ലിയാമ്പതിയിൽ കൂടുതൽ ദിവസം താമസിച്ച് കാഴ്ചകൾ ആസ്വദിക്കാനാകും. കൂടുതൽ തദ്ദേശീയർക്ക് മികച്ച തൊഴിലും വരുമാനവും ലഭ്യമാകും. നടപടിക്രമം പൂർത്തികരിച്ച് ഉടൻ തന്നെ പ്രവർത്തി ആരംഭിക്കും.
കെ.ബാബു എം.എൽ.എ.