cow
.

അമ്പലപ്പാറ: ക്ഷീര കർഷകരിൽ ആശങ്ക പരത്തി പശുക്കളിൽ ചർമമുഴ (ലംബി സ്കിൻ) രോഗം വ്യാപിക്കുന്നു. വൈറസ് ബാധ മൂലം പശുക്കളുടെ ശരീരത്തിൽ കുരുക്കൾ പൊങ്ങുന്ന അസുഖമാണിത്.

അമ്പലപ്പാറ പഞ്ചായത്തിൽ ജനുവരി മുതൽ ഇതുവരെ 40 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ജനുവരിയിൽ അസുഖം രൂക്ഷമായതിനെ തുടർന്ന് അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ മൃഗങ്ങൾക്കും വാക്സിനേഷൻ നൽകിയിരുന്നു. രണ്ടാംഘട്ടത്തിൽ കഴിഞ്ഞ രണ്ടുമാസങ്ങളിലായാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ജനുവരിയിൽ ഉണ്ടായത്ര രൂക്ഷമല്ല ഇത്തവണ കണ്ടെത്തിയ അസുഖമെന്ന് മൃഗ സംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു.

പരസ്പര സമ്പർക്കത്തിലൂടെയും കൊതുക്, ചെള്ള് തുടങ്ങിയവ വഴിയുമാണ് രോഗം പകരുന്നത്. മരുന്ന് കണ്ടെത്തിയിട്ടില്ലാത്തതിനാൽ താൽക്കാലികമായി പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും അലർജിക്കും വിറ്റാമിനുമുളള ഗുളികകളും കുരുക്കളിൽ പുരട്ടാൻ മരുന്നും നൽകുകയാണ് മൃഗ സംരക്ഷണ വകുപ്പ് ചെയ്യുന്നത്. രോഗം അധികരിച്ചാൽ പൊട്ടി വ്രണമായി മാറും.

വേങ്ങശേരി, പുലാപ്പറ്റ, മേലൂർ, കടമ്പൂർ, മയിലുംപുറം, അമ്പലപ്പാറ ഭാഗങ്ങളിലാണ് അസുഖം കൂടുതലായി കാണപ്പെട്ടിട്ടുള്ളത്. ഇതിൽ മയിലുംപുറം ഭാഗത്താണ് അസുഖം രൂക്ഷമായി കണ്ടിട്ടുള്ളത്.