പാലക്കാട്: കൊവിഡ് സമാശ്വാസ കാലിത്തീറ്റ പദ്ധതി പ്രകാരം ക്ഷീര കർഷകർക്ക് മിൽമ ഗോൾഡ്, കേരള ഫീഡ്‌സ് എലൈറ്റ് കാലിത്തീറ്റകൾ ഒരു ബാഗിന് 400 രൂപ സബ്‌സിഡിയോടെ വിതരണം ചെയ്യാൻ തീരുമാനം.
ക്ഷീര വികസനവകുപ്പ് മുഖേന മിൽമയുടെ പ്രീമിയം ബ്രാൻഡ് കാലിത്തീറ്റയായ 'മിൽമ ഗോൾഡ്' 50 കിലോഗ്രാം ബാഗിന് 1370 രൂപയും കേരള ഫീഡ്‌സിന്റെ പ്രീമിയം ബ്രാൻഡായ 'കേരള ഫീഡ്‌സ് എലൈറ്റ്' കാലിത്തീറ്റയ്ക്ക് 1345 രൂപയുമാണ് വില. മന്ത്രി കെ.രാജുവിന്റെ നിർദ്ദേശപ്രകാരം ക്ഷീരവികസന വകുപ്പ് ഡയറക്ടർ കാലിത്തീറ്റ കമ്പനി പ്രതിനിധികളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് കാലിത്തീറ്റയുടെ വില ഏകീകരിച്ച് 50 കി.ഗ്രാം ബാഗിന് 1196 രൂപ ഡീലർപ്രൈസ് പ്രകാരം വിതരണം ചെയ്യാൻ തീരുമാനിച്ചത്.
24515 കർഷകർക്ക് ഗുണം
പദ്ധതി നടപ്പാകുന്നതോടെ ജില്ലയിലെ 24515 ക്ഷീര കർഷകർക്ക് ഇതിന്റെ ഗുണം ലഭിക്കും. കേരള ഫീഡ്‌സിന്റെ 13,331 ബാഗ് കാലിത്തീറ്റയും മിൽമയുടെ 26,286 ബാഗ് കാലിത്തീറ്റയുമാണ് പദ്ധതി പ്രകാരം വിതരണം ചെയ്യുന്നത്. ഈ ഇനത്തിൽ ജില്ലയ്ക്ക് 158.46 ലക്ഷം രൂപ സബ്‌സിഡിയായി വകയിരുത്തിയതായും ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
സർക്കാർ സബ്‌സിഡി കിഴിച്ച് ഒരു ബാഗ് പ്രീമിയം കാലിത്തീറ്റയ്ക്ക് 816 രൂപ നൽകിയാൽ മതി.
ക്ഷീര സഹകരണ സംഘങ്ങൾക്ക് കാലിത്തീറ്റ കൈകാര്യ ചെലവിനത്തിൽ ബാഗ് ഒന്നിന് 20 രൂപ ലഭിക്കും.
ക്ഷീര സഹകരണ സംഘങ്ങൾ 400 രൂപ സബ്‌സിഡി കഴിഞ്ഞ് ആകെ 796 രൂപ പ്രകാരം ഒരു ബാഗിന് ബന്ധപ്പെട്ട കാലിത്തീറ്റ ഫാക്ടറിക്ക് നൽകിയാൽ മതി.
മിൽമ ക്യാറ്റിൽ ഫീഡ് ഫാക്ടറിയിലേക്ക് സംഘം അടക്കേണ്ട തുക അതത് സംഘത്തിന്റെ പാൽ വിലയിൽ നിന്നും കുറവ് ചെയ്യുന്നതിനുള്ള ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്.