പാലക്കാട്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ സംരംഭക സംഘങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനും സംരംഭകത്വ പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനും കുടുംബശ്രീയുടെ 'കരുതൽ' കാമ്പയിൻ ആരംഭിച്ചു. മികച്ച കുടുംബശ്രീ സൂക്ഷ്മ സംരംഭകരുടെ ഉല്പന്നങ്ങളടങ്ങിയ അവശ്യസാധന കിറ്റുകൾ അയൽക്കൂട്ടങ്ങൾ വഴി ലഭ്യമാക്കുകയാണ് ലക്ഷ്യം. അയൽക്കൂട്ട അംഗങ്ങൾക്ക് 500 രൂപ വില വരുന്ന ഗുണനിലവാരമുള്ള അവശ്യവസ്തുക്കൾ തവണ വ്യവസ്ഥയിൽ വീട്ടിലെത്തിക്കാൻ ഇതുവഴി സാധിക്കും.
കേരളശേരി പഞ്ചായത്തിൽ നടന്ന 'കരുതൽ കിറ്റ്' വില്പന പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അദ്ധ്യക്ഷൻ സത്യൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ശോഭന, ശ്രീലത, ഇന്ദിര, നന്ദിനി, ബദറുന്നീസ, വിനോദ് പങ്കെടുത്തു.
കേരളശേരി സി.ഡി.എസിന് കീഴിൽ പ്രവർത്തിക്കുന്ന സംരംഭകരുടെ ഉല്പന്നങ്ങളടങ്ങിയ കിറ്റുകൾ വിതരണം ചെയ്താണ് കാമ്പെയിന് തുടക്കം കുറിച്ചത്. ജില്ലയിലെ മറ്റ് ഉല്പന്നങ്ങൾ കൂടി ഉൾപ്പെടുത്തി കരുതൽ കിറ്റ് വിപുലീകരിക്കാനുള്ള നടപടി സ്വീകരിച്ചു വരികയാണ്. കുടുംബശ്രീ മിഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന കറി പൗഡർ ആന്റ് മസാല, അച്ചാർ, പച്ചക്കറി- വിത്ത്, ബേക്കറി- സ്‌നാക്‌സ്, ടൈലറിംഗ്, സോപ്പ് ആന്റ് സാനിറ്ററി ഉല്പന്ന നിർമ്മാണ യൂണിറ്റുകൾ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള ഉല്പന്നങ്ങൾ കരുതൽ കിറ്റുകളുടെ ഭാഗമാകും.
ലക്ഷ്യം
കുടുംബശ്രീ സംരംഭക മേഖലയ്ക്ക് ഉണർവ് നൽകുക.
ഉല്പന്നങ്ങൾക്ക് വിപണി കണ്ടെത്തി സംരംഭകർക്ക് പണലഭ്യത ഉറപ്പുവരുത്തുക.
അയൽക്കൂട്ടങ്ങൾക്ക് കിറ്റ് വില്പനയിലൂടെ അധിക വരുമാനം നേടാൻ വഴിയൊരുക്കുക.
സ്‌പോൺസർഷിപ്പിലൂടെ അഗതി കുടുംബങ്ങൾക്ക് സൗജന്യ കരുതൽ കിറ്റ് വിതരണം.