paddy
.

പാലക്കാട്: ജില്ലയിൽ ഒന്നാംവിള കൊയ്ത്ത് സെപ്തംബർ ആദ്യം ആരംഭിക്കാനിരിക്കെ രജിസ്‌ട്രേഷൻ നടപടി ഇനിയും ആരംഭിച്ചില്ല. ഇതോടെ കർഷകർ ആശങ്കയിലായി. രജിസ്‌ട്രേഷൻ ഉടൻ ആരംഭിച്ചാൽ മാത്രമേ നടപടി പൂർത്തിയാക്കി സംഭരണം തുടങ്ങാനാകൂ. കഴിഞ്ഞ വർഷം ആഗസ്റ്റ് ആദ്യത്തോടെ രജിസ്‌ട്രേഷൻ ആരംഭിച്ചിരുന്നു. നിലവിൽ ആഗസ്റ്റ് മാസം കഴിയാറായിട്ടും നടപടി എങ്ങുമെത്തിയില്ല.

ആലത്തൂർ, നെന്മാറ, കുഴമന്ദം, കാവശേരി, പഴമ്പാലക്കോട്, വടക്കഞ്ചേരി എന്നിവിടങ്ങളിൽ പൊടിവിത നടത്തിയ പാടങ്ങളെല്ലാം കതിരണിഞ്ഞു. സെപ്തംബർ ആദ്യത്തോടെ കൊയ്ത്താരംഭിക്കും. കിഴക്കൻ മേഖല ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കതിര് പാകമായി. ഇവിടങ്ങളിൽ പരമാവധി 30 ദിവസത്തിനുള്ളിൽ കൊയ്ത്ത് തുടങ്ങും.

അക്ഷയ സെന്റർ വഴിയാണ് കൂടുതൽ കർഷകരും രജിസ്‌ട്രേഷൻ നടത്തുന്നത്. നടപടി വൈകിയതോടെ രജിട്രേഷൻ ആരംഭിച്ചാൽ കർഷകർ കൂട്ടത്തോടെ അക്ഷയ സെന്ററുകളിൽ എത്തും. ഇത് കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ കൂടുതൽ ആശങ്കയുണ്ടാക്കും.

രജിസ്ട്രേഷൻ സെപ്തംബർ ആദ്യം

സപ്ലൈകോ മുഖേനയുള്ള നെല്ല് സംഭരണത്തിന്റെ വിജ്ഞാപനം ഇറങ്ങിയിട്ടില്ല. വിജ്ഞാപനം ഇറക്കിയാലേ രജിസ്‌ട്രേഷൻ ആരംഭിക്കൂ. സെപ്തംബർ ആദ്യം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

-കൃഷ്ണകുമാരി, പാഡി മാർക്കറ്റിംഗ് ഓഫീസർ, പാലക്കാട്.

വൈകിയാൽ ദുരിതം
രജിസ്‌ട്രേഷൻ വൈകുതോറും സംഭരണം നീളും. കൊയ്ത്താരംഭിച്ചാൽ സൂക്ഷിക്കാനുള്ള സ്ഥലപരിമിതിയും മഴയും കാരണം പല കർഷകർക്കും കിട്ടിയ വിലയ്ക്ക് നെല്ല് കൊടുക്കേണ്ടി വരും. ഇത് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും. കൊവിഡ് പശ്ചാത്തലത്തിൽ ക്വാറന്റൈൻ ഉൾപ്പെടെയുള്ള നിയന്ത്രണമുള്ളതിനാൽ അയൽ സംസ്ഥാനത്ത് നിന്ന് കൊയ്ത്ത് യന്ത്രം എത്തിക്കുന്നതിലും ആശങ്കയുണ്ട്.

-മുതലാംതോട് മണി, ജില്ലാ ജന.സെക്രട്ടറി,​ ദേശീയ കർഷക സമാജം.