flower
അത്തപ്പൂവും നുള്ളി... മഹാമാരിയുടെ ദുരിതകാലത്ത് പ്രതീക്ഷയുടെ നിറവസന്തമായി ഒരു ഓണക്കാലം കൂടി സമാഗതമായി. അന്യസംസ്ഥാന പൂവില്പനയ്ക്ക് വിലക്കുള്ളതിനാൽ നാട്ടുപൂക്കളാണ് ഇത്തവണ അത്തത്തെ വരവേൽക്കുന്നത്. (പ്രവീഷ് ഷൊർണൂർ പകർത്തിയ ചിത്രം).

ഒറ്റപ്പാലം: കൊവിഡിന്റെ ദുരിതകാലത്തിനിടയിലും പ്രതീക്ഷയുടെ പൂവിളിയുമായി അത്തം പിറന്നു. ഓണച്ചന്തമൊരുക്കാൻ ഇത്തവണ മലയാള മണ്ണിലെ നാട്ടുപൂക്കൾ മാത്രമാണുള്ളത്.

തമിഴ്നാട്ടിൽ നിന്ന് പൂക്കൾ കൊണ്ടുവരുന്നതിന് സർക്കാർ നിയന്ത്രണമുണ്ട്. ഇതോടെ നാട്ടുപൂക്കൾ തേടി ഇടവഴികളിലും പാടവരമ്പുകളിലും തൊടികളിലും നടക്കുന്ന കുട്ടികളുടെ കാഴ്ച അത്ത തലേന്നായ ഇന്നലെ പലയിടത്തും ദൃശ്യമായി. തുമ്പയും മുക്കൂറ്റിയും ചെമ്പരത്തിയും കൊളാമ്പിയും തെച്ചിയുമടക്കം നാട്ടുപൂക്കൾ ഇത്തവണത്തെ ഓണം തീർത്തും ഗൃഹാതുരമാക്കി മാറ്റും.

നഗര മേഖലകളിൽ പക്ഷേ പൂക്ഷാമം സാരമായി ബാധിക്കും. ഇതര സംസ്ഥാന പൂക്കളില്ലെങ്കിൽ പട്ടണമുറ്റങ്ങളിലെ ഓണം ദാരിദ്ര്യത്തിലാകും. സാധാരണ തമിഴ്നാട്, കർണാടക എന്നിവിടിങ്ങളിൽ നിന്ന് ടൺ കണക്കിന് പൂക്കളാണ് ഓണക്കാലത്ത് കേരളത്തിലെത്തിയിരുന്നത്.
പൂകച്ചവടക്കാരുടെയും തമിഴ്നാട്ടിലെ പൂകർഷകരുടെയും ഓണ പ്രതീക്ഷ ഇത്തവണ കൊവിഡിൽ വാടിക്കരിഞ്ഞു.