പാലക്കാട്: 2018ലെ പ്രളയത്തിൽ കഞ്ചിക്കോട് വേലഞ്ചേരി മലയിലുണ്ടായ ഉരുൾപ്പൊട്ടലിനെ തുടർന്ന് ബണ്ടുകൾ തകർന്ന ചെല്ലൻങ്കാവ് ഇറിഗേഷൻ കുളം നന്നാക്കാൻ ഇനിയും നടപടിയായില്ല. ഇതോടെ കുളത്തിലെ വെള്ളത്തെ ആശ്രയിച്ച് കൃഷിയിറക്കിയിരുന്ന നൂറോളം കർഷകർ കൃഷിയിറക്കാൻ ഏറെ ബുദ്ധിമുട്ടുകയാണ്. കഴിഞ്ഞ അഞ്ച് സീസണിലും നെൽകൃഷി വിളവിറക്കിയെങ്കിലും വെള്ളം ശരിയായ രീതിയിൽ ലഭ്യമല്ലാത്തതിനെ തുടർന്ന് നഷ്ടമായെന്ന് കർഷകർ പറയുന്നു.
ബണ്ട് തകർന്നതിനെ തുടർന്നുള്ള കല്ല്, മണ്ണ്, ചെളി എന്നിവ പല പാടങ്ങളിലും അടിഞ്ഞുകൂടിയത് നീക്കം ചെയ്യാനും അധികൃതർ തയ്യാറായില്ല. പലരും പാട്ടത്തിനെടുത്തും വായ്പയെടുത്തും കൃഷിയിറക്കുമ്പോൾ വെള്ളം ലഭ്യമല്ലാത്തതിനെ തുടർന്ന് വിളവ് നശിക്കുന്നത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നു. ബണ്ട് നിർമ്മിക്കാൻ അഞ്ചേകാൽ കോടി രൂപ വേണമെന്നാണ് അധികൃതർ പറയുന്നത്. ഇതുവരെ ഫണ്ടനുവദിക്കുകയോ ബണ്ട് നിർമ്മിക്കാനുള്ള നടപടി സ്വീകരിക്കുകയോ ഉണ്ടായിട്ടില്ല.
മുഖ്യമന്ത്രിക്കും പരാതി നൽകി
ബണ്ട് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് മുതൽ മുഖ്യമന്ത്രി വരെയുള്ളവർക്ക് പരാതി നൽകിയിട്ടും യാതൊരു ഗുണവുമുണ്ടായില്ല. കൃഷിക്ക് പുറമെ പ്രദേശവാസികൾ കുളിക്കാനും മറ്റും കുളത്തെ ആശ്രയിച്ചിരുന്നതും മുടങ്ങി. ജലസേചനം മുടങ്ങിയതോടെ വിളവിറക്കാൻ കർഷകർ മടിക്കുകയാണ്.
-യു.പ്രഭാകരൻ, സെക്രട്ടറി, ചെല്ലങ്കാവ് പാടശേഖര സമിതി.