വടക്കഞ്ചേരി: കാലുകളിൽ പരിക്കേറ്റ് നടക്കാൻ കഴിയാത്ത മേലാർകോട് കുളമൂച്ചി സഹദേവൻ (60) കൊവിഡ് പോസിറ്റീവായ ആളുമായി സമ്പർക്കത്തിലായതോടെ പ്രാഥമിക കാര്യങ്ങൾ പോലും നിർവഹിക്കാൻ കഴിയാതെ ദുരിതത്തിലായി. പഞ്ചായത്തംഗത്തിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നിർമ്മിച്ച ഷെഡിലാണ് നിലവിൽ ഇയാൾ ദിനരാത്രങ്ങൾ തള്ളിനീക്കുന്നത്.
സ്വന്തം വീടില്ലാത്ത സഹദേവൻ നെന്മാറ, ചിറ്റിലഞ്ചേരി, മേലാർകോട് മേഖലകളിൽ അലഞ്ഞുനടക്കുകയും വ്യാപാര സ്ഥാപനങ്ങളുടെ വരാന്തകളിൽ രാത്രി ഉറങ്ങുകയും ചെയ്തിരുന്നു. അടുത്തിടെ കാലിന് പരിക്കേറ്റ് നടക്കാൻ കഴിയാതായി. തുടർന്ന് ദിവസങ്ങളോളം നെന്മാറയിലെ വ്യാപാര സ്ഥാപനത്തിന് മുന്നിലായിരുന്നു കിടപ്പ്. ഇതിനും ബുദ്ധിമുട്ടായതോടെ പഞ്ചായത്തംഗം കെ.വി.പ്രഭാകരന്റെ നേതൃത്വത്തിൽ സഹദേവനെ നെന്മാറയിൽ നിന്ന് ആംബുലൻസിൽ മേലാർകോട് കൂളമൂച്ചിയിലെത്തിച്ചു. അവിടെ റേഷൻ കടയുടെ സമീപത്തായിരുന്നു കിടത്തിയിരുന്നത്. ഇതിനിടെ സഹദേവനെ കൊണ്ടുവന്ന ആംബുലൻസ് ഡ്രൈവർക്ക് കൊവിഡ് പോസിറ്റീവായി. ഇതോടെ പഞ്ചായത്തംഗം ഉൾപ്പെടെ മൂന്നുപേരും നിരീക്ഷണത്തിൽ പോയി. സഹദേവനെ കൂളമൂച്ചി ചേമ്പൊറ്റമ്മ ഭഗവതി ക്ഷേത്രത്തിന് സമീപം നിർമ്മിച്ച താത്കാലിക ഷെഡിലേക്ക് മാറ്റി.
കിടപ്പിലായ സഹദേവന് ഭക്ഷണം നൽകാൻ പലരും തയ്യാറാകുന്നുണ്ടെങ്കിലും ശുചിമുറിയിലേക്ക് എത്തിക്കുന്നതിന് ആരുടെയും സഹായം ലഭിക്കാത്ത അവസ്ഥയിലാണ്. സഹദേവന്റെ സ്രവവും പരിശോധിക്കണമെന്നാണ് സമീപവാസികളുടെ ആവശ്യം.