umbrella
,

ഷൊർണൂർ: ഓണമെത്തുമ്പോൾ കുലത്തൊഴിലുകളിലൊന്നായ ഓലക്കുട നിർമ്മാണം നിർവധി പേർക്ക് പണ്ട് നല്ലൊരു വരുമാന മാർഗമായിരുന്നു. വർഷങ്ങൾ ഒന്നൊന്നായി കടന്നുപോകുമ്പോൾ കുടയ്ക്ക് ആവശ്യക്കാർ കുറയുന്നതിന്റെ ആധിയിലാണ് ഈ രംഗത്തുള്ളവർ.

ഇത്തരത്തിൽ അപൂർവമായി മനോഹരവും ഈടും പാവുമേറിയ ഓലക്കുട നിർമ്മിക്കുന്ന കുളപ്പുള്ളി സ്വദേശി നാരായണനും പിടിച്ചുനിൽക്കാൻ പാടുപെടുകയാണ്. പതിമൂന്നാം വയസിൽ അച്ഛൻ ശങ്കരനിൽ നിന്നാണ് കുട നിർമ്മാണം പഠിപ്പിച്ചത്. ഓണക്കാലത്ത് അണിഞ്ഞ മുറ്റത്തൊരുക്കുന്ന മാതേവർക്കും മാവേലിക്കും ചൂടുന്നതിനാണ് പ്രധാനമായും ഓലക്കുട നിർമ്മിച്ചിരുന്നത്. കർഷകർക്കായി തൊപ്പിക്കുടകളും നിർമ്മിച്ചിരുന്നു. പ്ലാസ്റ്റിക് ഷീറ്റുകളുടെയും കവറുകളുടെയും കടന്നുകയറ്റം ഓലക്കുട നിർമ്മാണത്തെ പ്രതികൂലമായി ബാധിച്ചു. പനയോലയ്ക്കും മുളയ്ക്കുമുള്ള ക്ഷാമവും മറ്റൊരു പ്രതിസന്ധിയാണ്.
പനയിൽ നിന്ന് വെട്ടിയെടുക്കുന്ന ഓലയുണക്കി മുള പൊളിച്ച് ചെത്തിമിനുക്കി കെട്ടിയുണ്ടാക്കുന്ന അലകുകളിൽ പൊതിഞ്ഞുകെട്ടിയാണ് കുട നിർമ്മിക്കുക. ഇവ ചന്തകളിലും വീടുകളിലും കൊണ്ടുപോയി വിറ്റുകിട്ടുന്ന പണം കൊണ്ടായിരുന്നു ഉപജീവനം. ചുരുക്കം ചിലർ വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിച്ച് മൊത്തവില്പനയും നടത്തിയിരുന്നു. കൃഷിക്കാരായ പുരുഷന്മാർ തൊപ്പികുടയും സ്ത്രീകൾ കുണ്ടുകുടയുമാണ് ഉപയോഗിച്ചിരുന്നത്. വരും കാലങ്ങളിൽ മ്യൂസിയങ്ങളിലെ അപൂർവ ശേഖരങ്ങളായി ഓലക്കുടകൾ മാറാൻ അധികനാൾ വേണ്ടി വരില്ല.