mask
.

അഗളി: കൊവിഡ് കാലത്ത് അട്ടപ്പാടിയിലെ അപ്പാരൽ പാർക്കിലെ വനിതകൾ നിർമ്മിച്ചത് 15000 മാസ്‌കുകൾ. പട്ടികവർഗ വികസന വകുപ്പ് അട്ടപ്പാടിയിലെ 18നും 45നുമിടയിൽ പ്രായമുള്ള വനിതാ ശാക്തീകരണം ലക്ഷ്യമിട്ടാരംഭിച്ച സ്വയംതൊഴിൽ പരിശീലന പദ്ധതിയാണിത്.
വിവിധ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലേയ്ക്ക് യൂണിഫോം തയ്ച്ചുനൽകി വരുമാനം കണ്ടെത്തിയിരുന്ന വനിതകൾക്ക് ലോക്ക് ഡൗൺ വന്നതോടെ വീട്ടിലിരിക്കേണ്ട സ്ഥിതിയായി. സ്‌കൂളുകൾ തുറക്കാൻ വൈകുന്നത് മൂലം ജീവിതം പ്രതിസന്ധിയിലായതോടെയാണ് മാസ്‌ക് നിർമാണത്തിലേയ്ക്ക് കടന്നത്. ഐ.ടി.ഡി.പി സഹായത്തോടെ നിർമ്മിച്ച മാസ്‌കുകൾ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസുകൾ മുഖേനയും മേഖലയിലെ സർക്കാർ ഓഫിസുകളിലൂടെയും വിപണിയിലെത്തിച്ചു.
ഒന്നിന് 12 രൂപ നിരക്കിലാണ് മാസ്‌ക് നൽകിയത്. ആദ്യഘട്ട പരിശീലനം ലഭിച്ച 100 സ്ത്രീകൾ ചേർന്ന് മിനിസിവിൽ സ്റ്റേഷനിൽ സൊസൈറ്റി രൂപീകരിച്ചാണ് പ്രവർത്തിക്കുന്നത്. സൊസൈറ്റിയിലേക്ക് എത്താൻ കഴിയാത്തവർ വീടുകളിലിരുന്നും മാസ്‌ക് തുന്നി. സിങ്കിൾ, ഡബിൾ ലേയർ തുടങ്ങി കോട്ടണിൽ വിവിധ നിറങ്ങളിലുള്ള മാസ്‌കാണ് നിർമ്മിക്കുന്നത്.