അഗളി: സ്വകാര്യ ആശുപത്രികളെ വെല്ലുന്ന സജ്ജീകരണങ്ങളോടെ അട്ടപ്പാടിയുടെ തിലകക്കുറിയായ കോട്ടത്തറ ഗവ.ട്രൈബൽ ആശുപത്രിക്ക് 13 വയസ്. ശിശുസൗഹൃദവും സ്ത്രീ സൗഹൃദവുമായ വാർഡുകളാണ് ഇവിടുത്തെ പ്രത്യേകത. 'വിശപ്പുരഹിത ആശുപത്രി' എന്ന പദ്ധതിയടക്കം നിരവധി രോഗീസൗഹൃദ പദ്ധതികളും ഇവിടെയുണ്ട്.
ആശുപത്രി ആരംഭിച്ച സമയം മുതലുള്ള ഡോ.പ്രഭുദാസ് തന്നെ സൂപ്രണ്ടായി തുടരുന്നു. 2007ൽ പ്രവർത്തനമാരംഭിച്ച ആശുപത്രി പല നേട്ടങ്ങളും കരസ്ഥമാക്കി. 2018ൽ കായകല്പ പദ്ധതിയിൽ താലൂക്ക് വിഭാഗത്തിൽ സംസ്ഥാന തലത്തിൽ ഒന്നാംസ്ഥാനം നേടി. നാഷണൽ ക്വാളിറ്റി അക്രഡിറ്റേഷൻ നേടിയ ജില്ലയിൽ നിന്നുള്ള ഏക സ്ഥാപനവും സംസ്ഥാന തലത്തിലുള്ള 13 സ്ഥാപനങ്ങളിൽ ഒന്നാമതുമാണ് ഈ ആശുപത്രി. കാഷ്, ലക്ഷ്യ, എക്സ്പ്രസ് തുടങ്ങിയ പുരസ്‌കാരങ്ങളും ലഭിച്ചു.
54 ബെഡിനാവശ്യമായ ജീവനക്കാരുമായി ആരംഭിച്ച ആശുപത്രി ഇപ്പോഴും ഇതേ പാറ്റേണനുസരിച്ചാണ് മുന്നോട്ട് പോകുന്നത്. നിലവിൽ 101 കിടക്കകളുണ്ട്. ലക്ഷ്യ പദ്ധതി പ്രകാരം മോഡൽ ലേബർ റൂം അടങ്ങിയ മദർ ആന്റ് ബേബി ബ്ലോക്ക്, ഐ.എം.ആർ പദ്ധതി പ്രകാരം വുമൺ ആന്ര് ചൈൽഡ് ബ്ലോക്ക് എന്നിവയുടെ പണി കൂടി പൂർത്തിയാകുന്ന മുറയ്ക്ക് 151 ബെഡുകൾ ആശുപത്രിയിലുണ്ടാകും. ഇതിനാവശ്യമായ ജീവനക്കാരെ അനുവദിച്ച് ആശുപത്രിയുടെ നിലവാരം ഇനിയും ഉയർത്താനുള്ള നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാരും അട്ടപ്പാടി ജനതയും.