elephent
ഷോളയൂർ വനത്തിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ബുൾഡോസർ എന്ന് വിളിപ്പേരുള്ള മോഴയാനയെ മയക്കുവെടി വെച്ച ശേഷം ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിൽ ചികിത്സിക്കുന്നു.

അഗളി: വനത്താൽ ചുറ്റപ്പെട്ട അട്ടപ്പാടിയിൽ സമീപകാലത്തായി വന്യമൃഗ- മനുഷ്യ സംഘട്ടനം വർദ്ധിക്കുന്നു. കാട്ടാനകളാണ് കൂടുതലായും ജനവാസ മേഖലയിറങ്ങി അക്രമം വരുത്തി വയ്ക്കുന്നതും അപകടങ്ങൾക്കിരയാകുന്നതും. ഇതിന്റെയെല്ലാം അവസാനത്തെ ഇരയാണ് വായയിൽ പരിക്കേറ്റ് ഷോളയൂരിൽ ചികിത്സയിൽ കഴിയുന്ന,​ നാട്ടുകാർ 'ബുൾഡോസർ" എന്ന് വിളിപ്പേരിട്ട കാട്ടാന.
കേരള- തമിഴ്നാട് വനാതിർത്തി പങ്കിടുന്ന കോയമ്പത്തൂർ- ഷോളയൂർ മേഖലയിൽ തമിഴ്നാട് ഭാഗത്ത് 17 ആനകളാണ് ഒരു വർഷത്തിനുള്ളിൽ സ്‌ഫോടകവസ്തു കടിച്ചും വയറിൽ വൃണത്തോടെയും വൈദ്യുതി ആഘാതമേറ്റും ചരിഞ്ഞത്. കേരള വനത്തിൽ തമ്പടിച്ച 'പീലാണ്ടി" എന്ന് വിളിപ്പേരുള്ള ആനയെ വനംവകുപ്പ് പിടികൂടി കോടനാട്ടെ ആനത്താവളത്തിലെത്തിച്ച് പരിചരിച്ച് രക്ഷിച്ചതും അടുത്ത കാലത്താണ്. 12ഓളം വെടിയുണ്ടകൾ പീലാണ്ടിയുടെ ശരീരത്തിൽ നിന്ന് ലഭിച്ചിരുന്നു.

വായയിൽ മാരക മുറിവും പഴുപ്പും

അവശ നിലയിൽ കണ്ടെത്തിയ 'ബുൾഡോസറി"ന് മയക്കുവെടി വെച്ച് ചികിത്സ ആരംഭിച്ചിട്ടുണ്ട്. വനം വകുപ്പ് വെറ്റിനറി ഓഫീസർ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സ തുടരുന്നത്. ഇന്നലെ വനപാലകർ നൽകിയ ഒരു പഴവും വെള്ളവും ആന കഴിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി ആനയെ അധികൃതർ പിന്തുടർന്ന് വരികയായിരുന്നു.

ഷോളയൂർ തെക്കേകടമ്പാറ കുത്താനടി തോടിന് സമീപത്തെ വനത്തിലാണ് ആന നിലയുറപ്പിച്ചിരുന്നത്. ആനയുടെ വായിൽ നിന്ന് പഴുപ്പ് നീക്കം ചെയ്തു. ആന്റിബയോട്ടിക് മരുന്നുകളും നൽകി. വായിൽ മാരകമായി പരിക്കും നാവിന് മുറിവുമുണ്ട്. രണ്ടുദിവസത്തിന് ശേഷമേ ആരോഗ്യ പുരോഗതി വിലയിരുത്താനാകൂ. സബ് കളക്ടർ അർജ്ജുൻ പാണ്ഡ്യൻ,​ ഡി.എഫ്.ഒ സുനിൽകുമാർ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതി വിലയിരുത്തി.

അവശതയിലും വീട് തകർത്തു

അവശതയിലും കാട്ടാന രണ്ടുദിവസം മുമ്പ് പ്രദേശത്തെ ഒരു വീട് തകർത്തിരുന്നു. ഊത്തുക്കുഴി പ്രദേശത്ത് താമസിക്കുന്ന പഴനി മരുതന്റ വീടാണ് ആന തകർത്തത്. കഴിഞ്ഞ അഞ്ചുദിവസത്തിനിടെ ആന ആറ് വീടുകൾ തകർത്തിട്ടുണ്ട്. മൂന്നു മാസത്തിനിടെ ഷോളയൂരിലെ വിവിധ പ്രദേശങ്ങളിലായി 26 വീടുകളും തകർത്തു. ആനയെ നിരവധി തവണ കാടുകയറ്റി വിട്ടിരുന്നെങ്കിലും തിരികെ എത്തുകയായിരുന്നു. റേഡിയോ കോളർ ഘടിപ്പിക്കുവാനുള്ള നടപടിക്രമം സ്വീകരിക്കവേയാണ് ആനയ്ക്ക് പരിക്കേൽക്കുന്നത്. മറ്റ് ആനകളുമായി കുത്ത് കൂടിയതാകാം പരിക്കിന് കാരണമെന്നും അതല്ല,​ സ്ഫോടക വസ്തു തിന്ന് തകർന്നതാകാമെന്നും രണ്ടഭിപ്രായം ഉയരുന്നുണ്ട്. ആനയുടെ ആരോഗ്യത്തിൽ പുരോഗതി ഉണ്ടായാലേ റേഡിയോ കോളർ ഘടിപ്പിക്കുന്നതടക്കമുള്ള നടപടി സാദ്ധ്യമാകൂ.

745 ചതുരശ്ര വിസ്തീർണ്ണമുള്ള,​ ഒരു ജില്ലയോളം വലിപ്പമുള്ള അട്ടപ്പാടിയിൽ നീലഗിരി ജൈവവൈവിദ്ധ്യ മേഖലയെയും മുത്തികുളം- സൈലന്റ് വാലി പൈതൃക വനമേഖലയെയും ബന്ധിപ്പിക്കുന്ന ആനത്താരകൾ ഭൂരിഭാഗവും കൃഷിസ്ഥലങ്ങളാവുകയും വൈദ്യുത വേലികെട്ടി സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്. 20 വർഷത്തിനിടെ കൃഷി വാണിജ്യവൽക്കരിക്കപ്പെടുകയും ആനത്താരകൾ അടയുകയും ചെയ്തത് മനുഷ്യരും കാട്ടാനകളും തമ്മിലെ സംഘർഷങ്ങൾക്ക് ആക്കം കൂട്ടി.

എ.ക്രിസ്റ്റഫർ,​ സയന്റിസ്റ്റ്,​ എം.ജി.യൂണിവേഴ്സിറ്റി.

സ്വാഭാവിക വഴിത്താരകൾ കൈയേറി കൃഷി ഭൂമി ആക്കുകയും വൈദ്യുതി വേലികൾ മാർഗ തടസം സൃഷ്ടിക്കുകയും ചെയ്തത് കാട്ടാനകളുടെ സഞ്ചാരത്തിന് വലിയ പ്രശ്നമാണ്. വനശോഷണമടക്കമുള്ള കാര്യങ്ങളെല്ലാം മനുഷ്യ-കാട്ടുമൃഗ പോരാട്ടങ്ങൾക്ക് കാരണമാകുന്നു.
-കെ.ടി.ഉദയൻ, വനം റേഞ്ച് ഓഫീസർ,​ അഗളി.

കാടിറങ്ങി വന്യമൃഗങ്ങൾ; ഭീതിയോടെ മലയോര മേഖല
മണ്ണാർക്കാട്: കാടിറങ്ങി വരുന്ന വന്യമൃഗങ്ങളെക്കൊണ്ട് പൊറുതി മുട്ടുകയാണ് മലയോര മേഖലയിലെ ജനം. അട്ടപ്പാടിയിൽ കാട്ടാനയാണ് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നതെങ്കിൽ ചുരത്തിന് താഴെ കോട്ടോപ്പാടം, മൈലാംപാടം, അലനല്ലൂർ മേഖലകളിൽ കാട്ടാനകൾക്ക് പുറമേ പുലി സാന്നിദ്ധ്യവും ഭീതി വിതയ്ക്കുന്നു.

പുറ്റാനിക്കാട് പള്ളത്ത് ഉണ്ണീൻകുട്ടിയുടെ വീട്ടുമുറ്റത്താണ് അവസാനമായി പുലിയെ കണ്ടത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലിയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ കിഴക്കേകര പൗലോസിന്റെ പശുവിനെ പുലി പിടിച്ചിരുന്നു. പുലിയെ കെണിവെച്ച് പിടികൂടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

കൃഷിനാശം രൂക്ഷം
ഒരാഴ്ച മുമ്പ് കണ്ടമംഗലം മേഖലയിൽ കാട്ടാനക്കൂട്ടം കൃഷിയിടങ്ങളിലിറങ്ങി നാശം വിതച്ചിരുന്നു. ദിവസങ്ങൾക്ക് മുമ്പ് പൊതുവപ്പാടം മേഖലയിൽ കടുവയെ കണ്ടതായി റബ്ബർ ടാപ്പിംഗ് തൊഴിലാളികൾ പറയുന്നു. നാളുകളായി ഇവിടെ പുലിശല്യമുണ്ട്. കൂടാതെയാണ് കടുവയെ കണ്ടെന്ന വെളിപ്പെടുത്തൽ. പട്ടാപ്പകൽ പുലി ആടുകളെയും വളർത്തുനായകളെയും ആക്രമിക്കുന്നതും നാട്ടുകാരുടെ സ്വസ്ഥത കെടുത്തുന്നു.

വന്യമൃഗശല്യം മൂലം ടാപ്പിംഗ് ഉൾപ്പടെ തൊഴിലെടുക്കുന്നവർ ബുദ്ധിമുട്ടിലാണ്. എസ്റ്റേറ്റുകളിൽ പുലർച്ചെ ടാപ്പിംഗ് നടത്തുന്നത് നിലച്ചു. ഇപ്പോൾ രാവിലെ ഒമ്പത് മണിക്കാണ് ടാപ്പിംഗ് തുടങ്ങുന്നത്. ഇതിനാൽ മറ്റ് ജോലികൾക്ക് പോകാനാകുന്നില്ല. രണ്ട് ആദിവാസി കോളനികളുൾപ്പെടെ നിരവധി വീടുകളും മേഖലയിലുണ്ട്.

ക്യാമറ നിരീക്ഷിക്കും, കൂട് സ്ഥാപിക്കും

വനം വകുപ്പ് പുലിയുടെ സാന്നിദ്ധ്യം നിരീക്ഷിക്കാൻ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. കൂട് സ്ഥാപിക്കാനുള്ള നടപടിയെടുക്കാനും ആലോചനയുണ്ട്. ക്യാമറകളിൽ പുലിയുടെ സാന്നിദ്ധ്യം പതിഞ്ഞിട്ടില്ല. പൊതുവപ്പാടത്തിന് പുറമെ കാരാപ്പാടം, അമ്പലപ്പാറ, കണ്ടമംഗലം ഭാഗങ്ങളിലും പുലിശല്യമുണ്ട്. ഇവിടെയെല്ലാം ഒരേ സമയം കൂട് വയ്ക്കുന്നത് പ്രായോഗികമല്ലെന്ന നിലപാടിലാണ് വനം വകുപ്പ്.