പാലക്കാട്: കൊവിഡ് വ്യാപനത്തിനിടയിലും കർശനമാനദണ്ഡങ്ങൾ പാലിച്ച് ജില്ലയിൽ ഒാണവിപണികൾ സജീവമായി. തിരുവോണത്തിന് ഒരാഴ്ച മാത്രം ബാക്കിനിൽക്കേ തുണിക്കടകൾ ഉൾപ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വരുന്ന ശനിയാഴ്ചയും ഉത്രാടദിനമായ ഞായറാഴ്ചയും തിരക്കുകൂടുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
ലോക്ക് ഡൗണിനെ തുടർന്ന് മാസങ്ങളോളം അടച്ചിട്ടതിനാൽ ഈ മേഖല വലിയ പ്രതിസന്ധിയിലാണ്. ഒാണം വിപണിയാണ് വ്യാപാരികളുടെ ഏകപ്രതീക്ഷ. 40 ശതമാനത്തിൽ താഴെ കച്ചവടമേ നടക്കുന്നുള്ളു എന്നാണ് കടയുടമകൾ പറയുന്നത്. നിലവിലെ സാഹചര്യത്തിൽ നഗരത്തിലെ പ്രധാന ടെക്‌സ്റ്റൈൽ സ്ഥാപനങ്ങളിൽ ശാരീരിക അകലം പാലിച്ചാണോ വിപണനം നടക്കുന്നത് എന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം അധികൃതരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു.
പ്രവർത്തനസമയം നീട്ടണം
പ്രളയത്തെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷങ്ങളിലും ഒാണവിപണി നഷ്ടമായി. കൊവിഡ് വിഷു, പെരുന്നാൾ സീസണുകളും നഷ്ടത്തിലാക്കി. ഈ ഓണവിപണിയാണ് ആകെയുള്ള പ്രതീക്ഷ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വില്പനകൾ നടക്കുന്ന്. വൈകീട്ട് നാലിന് ശേഷമാണ് കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. ഏഴുമണി വരെയാണ് നിലവിലെ പ്രവർത്തന സമയം. 6.30ന് സ്ഥാപനങ്ങൾ അടയ്ക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങണം. അതുകൊണ്ട് സമയം പത്തുവരെ നീട്ടണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. പ്രവർത്തനം സമയം കൂട്ടിയാൽ തിരക്കിലും കുറവുണ്ടാകും.
ബാബു കോട്ടയിൽ, കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡന്റ്
നിലവിലെ ക്രമീകരണങ്ങൾ
1. മാസ്‌ക് ധരിക്കാത്തവർക്ക് സാധനങ്ങൾ നൽകില്ല.
2. കടകളിൽ എത്തുന്നവരുടെ ഫോൺ നമ്പറും വിലാസവും രേഖപ്പെടുത്തും.
3. തെർമൽ സ്‌കാനറിൽ പരിശോധന നടത്തും
4. 1000 ചതുരശ്ര അടി വിസ്തീർണം കടകളിൽ ഒരേസമയം 15 പേർക്കും ചെറിയ കടകളുടെ വലിപ്പത്തിനനുസരിച്ച് അഞ്ചു മുതൽ പത്തുപേർക്ക് മാത്രമാണ് പ്രവേശനം.
5. ജീവനക്കാർ കൈ ഉറകൾ ധരിക്കണം.
പരിശോധന തുടരും
ഷോപ്പിൽ എത്തുന്നവർ തമ്മിൽ മിനിമം ആറടി അകലം പാലിക്കണം. കൗണ്ടറുകൾക്ക് മുന്നിലെ തിരക്ക്, അകത്തേക്കും പുറത്തേക്കും കടക്കുന്നതിനുള്ള പ്രത്യേക വഴികൾ എന്നിവ സജ്ജമാക്കിയെന്ന് ഉറപ്പാക്കാൻ വരും ദിവസങ്ങളിലും പരിശോധന ഊർജ്ജിതമാക്കും.
അരുൺ ഭാസ്‌കർ,
ജില്ലാ ഫയർ ഓഫീസർ