ksrtc
.

പാലക്കാട്: സർക്കാർ, സ്വകാര്യ മേഖലയിലെ ജീവനക്കാർക്കായി കെ.എസ്.ആർ.ടി.സി പാലക്കാട് യൂണിറ്റിൽ നിന്നുള്ള മൂന്നാഘട്ട ബോണ്ട് ബസ് ഓൺ ഡിമാൻഡ് സർവീസിന് ഇന്ന് തുടക്കമാകും. കരിങ്കുളം ജംഗ്ഷനിൽ നിന്നും രാവിലെ ഏട്ടിന് നടത്തുന്ന സർവീസ് കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്യും.

എലവഞ്ചേരി മുതൽ പാലക്കാട് സിവിൽ സ്റ്റേഷൻവരെയാണ് ബോണ്ട് പ്രകാരം കെ.എസ്.ആർ.ടി.സി സർവീസ് നടത്തുക. കെ.എസ്.ആർ.ടി.സി വടക്കൻ മേഖല എക്‌സി. ഡയറക്ടർ സി.വി.രാജേന്ദ്രൻ, പാലക്കാട് എ.ടി.ഒ ടി.എ.ഉബൈദ്, ചിറ്റൂർ എ.ടി.ഒ എസ്.സന്തോഷ് കുമാർ എന്നിവർ പങ്കെടുക്കും.

പ്രതിദിനം രണ്ട് സർവീസാണ് നടത്തുക. രാവിലെ 8.45ന് പുറപ്പെട്ട് 9.45ന് സിവിൽ സ്റ്റേഷനിൽ എത്തുകയും വൈകിട്ട് 5.15ന് സിവിൽ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് 6.15ന് എലവഞ്ചേരിയിൽ എത്തുന്ന വിധമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ പൊതുവാഹന യാത്രയിലുള്ള അസൗകര്യം കണക്കിലെടുത്താണ് കെ.എസ്.ആർ.ടി.സി ജില്ലയിൽ ബോണ്ട് പദ്ധതിക്ക് തുടക്കം കുറിച്ചത്. നിലവിൽ പാലക്കാട് നിന്നും ചിറ്റൂരിൽ നിന്നും മണ്ണുത്തി കാർഷിക സർവകലാശാലയിലേക്ക് ബോണ്ട് പദ്ധതി പ്രകാരം സർവീസ് നടത്തുന്നുണ്ട്.

പദ്ധതിയുടെ സവിശേഷതകൾ

 പദ്ധതി പ്രയോജനപ്പെടുത്തുന്ന യാത്രക്കാരുടെ ലാസ്റ്റ് മൈൽ കണക്ടിവിറ്റി ഉറപ്പാക്കുന്നതിനായി ഇരുചക്രവാഹനങ്ങൾ കെ.എസ്.ആർ.ടി.സി സ്റ്റേഷനുകളിൽ സൂക്ഷിക്കുന്നതിനുള്ള സൗകര്യം ഒരുക്കും

 യാത്രക്കാർക്ക് ബസിൽ സീറ്റുകൾ ഉറപ്പായിരിക്കും

 യാത്രക്കാരുടെ ഓഫീസിനു മുന്നിൽ അവരെ ഇറക്കുകയും കയറ്റുകയും ചെയ്യും.

 യാത്രക്കാരുടെ ആവശ്യാനുസരണം സർവീസുകളിൽ 5,10, 15, 20, 25 ദിവസങ്ങളിലേക്കുള്ള പണം മുൻകൂറായി അടച്ച് യാത്രക്കുള്ള ബോണ്ട് ട്രാവൽ കാർഡുകൾ ഡിസ്‌കൗണ്ടോടെ കൈപ്പറ്റാം

 കൊവിഡ് നിബന്ധനകൾ പാലിച്ച് പൂർണമായും അണുവിമുക്തമാക്കിയ ബസുകളാണ് സർവീസിനായി ഉപയോഗിക്കുക

 എല്ലാ യാത്രക്കാർക്കും അപകട ഇൻഷ്വറൻസ് ഉണ്ടാകും

 വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് ബസിന്റെ തത്സമയ ലൊക്കേഷൻ യാത്രക്കാരെ അറിയിക്കും