1600 ഓളം മിൽമ ഔട്ട്ലെറ്റുകൾ തയ്യാർ
പാലക്കാട്: കൊവിഡ് വ്യാപനത്തിനിടെയും ആഘോഷങ്ങളില്ലാതെ ഓണത്തെ വരവേൽക്കാനൊരുങ്ങി മിൽമ പാലക്കാട് ഡെയറി.
നിലവിലെ സാഹചര്യത്തിൽ കൂട്ടായ ഓണാഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ ഉള്ളതിനാൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് പാലിന്റെ വില്പന ഇടിയാൻ സാദ്ധ്യതയുണ്ട്. എങ്കിലും ഓണംനാളുകളിൽ ഏഴുലക്ഷം ലിറ്റർ പാലും 1.5 ലക്ഷം ലിറ്റർ തൈരിന്റെയും വില്പനയാണ് പാലക്കാട് ഡെയറി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 1600 ഓളം മിൽമ ഔട്ട്ലെറ്റുകൾ ജില്ലയിൽ തയ്യാറായികഴിഞ്ഞു. പ്രധാന ടൗണുകളിലെ മിൽമ ഷോപ്പുകളും പാർലറുകളും ഓണനാളുകളിൽ പ്രവർത്തനസജ്ജമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. കൂടാതെ കോട്ടമൈതാനത്ത് പൊതുജനങ്ങൾക്കായി 'ഓണപ്പീടിക' സ്റ്റാൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
പുതുതായി വിപണിയിലെത്തിച്ച മിൽമ പശുവിൻ പാലിന് ഉപഭോക്താക്കൾക്കിടയിൽ നല്ല വില്പനയാണ് ഉള്ളത്. അര ലിറ്റർ പാക്കറ്റിന് 25 രൂപയാണ് വില. ദിനംപ്രതി 3500 ലിറ്ററാണ് വിറ്റുപോകുന്നത്. വരുംദിവസങ്ങളിൽ ഡിമാന്റ് കൂടുമെന്നാണ് പ്രതീക്ഷ. ആവശ്യക്കാർക്ക് അടുത്തുള്ള മിൽമ ബൂത്തുകളിൽ ഓർഡർ നൽകാം. പാലക്കാട് നഗരത്തിലും പരിസരത്തുമുള്ള വീടുകളിലും പാലെത്തിച്ച് നൽകും. ഫോൺ: 9847267092.
മിൽമ പാലും ഉല്പന്നങ്ങളും യഥേഷ്ടം വിപണിയിൽ ലഭ്യമാക്കുവാൻ എല്ലാ തയ്യാറെടുപ്പുകളും പാലക്കാട് ഡെയറി നടത്തിയിട്ടുണ്ട്. മിൽമ പശുവിൻ പാൽ, തൈര്, നെയ്യ്, പാലട മിക്സ്, ഗോതമ്പ് - സേമിയ പായസം മിക്സുകൾ, പേഡ തുടങ്ങിയ ഉല്പന്നങ്ങളുടെ വിപുലമായ ശ്രേണി മിൽമയുടെ ഷോപ്പുകൾ, ഡീലർമാർ എന്നിവിടങ്ങളിൽ ലഭ്യമാണ്. കഴിഞ്ഞ ഒാണത്തിന് എട്ടു ലക്ഷം ലിറ്റർ പാലും ഒന്നര ലക്ഷം ലിറ്റർ തൈരുമാണ് ഡെയറി വില്പന നടത്തിയത്.
എസ്.നിരീഷ്, പാലക്കാട് ഡെയറി മാനേജർ