പാലക്കാട്: ഓണത്തോടനുബന്ധിച്ച് ജില്ലയിലെ വിപണികളിൽ വിറ്റഴിക്കപ്പെടുന്ന പാലിന്റെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കാനായി ക്ഷീര വികസന വകുപ്പിന്റെ ഇൻഫർമേഷൻ സെന്ററിന് തുടക്കമായി. പാലക്കാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ലാബിലാണ് പാൽ പരിശോധന സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.
വിപണിയിൽ ലഭ്യമായ എല്ലാ സാമ്പിളുകളും ഇൻഫർമേഷൻ സെന്ററിൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ തന്നെ ശേഖരിച്ച് പരിശോധന നടത്തി ഗുണനിലവാരം ഉറപ്പു വരുത്തും. പരിശോധനയിൽ ഗുണനിലവാരം ഇല്ലാത്തതും സുരക്ഷിതമല്ലാത്തതുമായ പാൽ കണ്ടെത്തിയാൽ നടപടികൾക്കായി ഭക്ഷ്യസുരക്ഷാ വകുപ്പിനെ അറിയിക്കും. പൊതുജനങ്ങൾക്കും കർഷകർക്കും പാൽ സാമ്പിളുകൾ കൊണ്ടുവന്ന് പരിശോധിച്ച് ഫലം അറിയുന്നതിനുള്ള സൗകര്യവുമുണ്ട്. ഒരുദിവസം കുറഞ്ഞത് 12 സാമ്പിളുകൾ പരിശോധിക്കും.
അയൽ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്ന പാൽ സുരക്ഷിതമാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തും. മീനാക്ഷിപുരത്തുള്ള പരിശോധനാ കേന്ദ്രത്തിന് പുറമേ വാളയാറിലും താത്കാലിക സംവിധാനം ഒരുക്കും.
ബ്രിൻസി മാണി, ക്വാളിറ്റി കൺട്രോൾ ഓഫീസർ, ക്ഷീര വികസന വകുപ്പ്.