പാലക്കാട്: ഓണക്കോടിയില്ലാതെ മലയാളികളുടെ ഓണാഘോഷം പൂർണമാവില്ല. ഓണക്കോടിയിൽ മലയാളിക്ക് പ്രിയം കൈത്തറിയോടും. എന്നാൽ ഈ ഓണക്കാലത്ത് സംസ്ഥാനത്തെ കൈത്തറികളിൽ നിന്നുയരുന്നത് ആശങ്കകളുടെ ശബ്ദമാണ്. കഴിഞ്ഞ നാലു വർഷമായി കൈത്തറി സഹകരണ സംഘങ്ങൾക്കുള്ള ഉത്സവകാല സബ്‌സിഡി വിതരണം പാടെ മുടങ്ങിയിട്ട്. സംസ്ഥാനത്തെ 400 സഹകരണ സംഘങ്ങൾക്ക് ഇനിയും തുകലഭിക്കാനുണ്ട്.
ഓണം, വിഷു, ക്രിസ്മസ്, ബക്രീദ്, ദീപാവലി തുടങ്ങിയ ഉത്സവകാലങ്ങളിൽ സഹകരണ സംഘങ്ങളുടെ വില്പന കേന്ദ്രങ്ങൾ വഴി കൈത്തറി വസ്ത്രങ്ങൾക്ക് 20 ശതമാനം വിലക്കിഴിവ് നൽകാറുണ്ട്. ഈ തുകയാണ് സബ്‌സിഡിയായി വ്യവസായ വകുപ്പ് സംഘങ്ങൾക്ക് നൽകുന്നത്. കഴിഞ്ഞ പത്തുവർഷമായി മേഖലയിലെ തൊഴിലാളികൾ ഈ പ്രശ്നം നേരിടുന്നുണ്ട്. 2016 മുതൽ ഒരു തവണപോലും തുക ലഭിച്ചിട്ടില്ലെന്ന് തൊഴിലാളികൾ പറയുന്നു.
ലോക്ക് ഡൗണി കൈത്തറി മേഖല നിശ്ചലമായതോടെ നെയ്ത്തുകാരും ദുരിതത്തിലായി. ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് സഹകരണ സംഘം ഭാരവാഹികൾ വ്യവസായ വകുപ്പിന് പരാതിയും നൽകിയെങ്കിലും നടപടിയായില്ല. ധനകാര്യവകുപ്പ് ഫണ്ട് അനുവദിക്കാതെ കുടിശിക വിതരണം ചെയ്യാനാകില്ലെന്നാണ് വ്യവസായ വകുപ്പിന്റെ നിലപാട്. അടിയന്തരമായി നെയ്ത്തുകാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം.
പാലപ്പുറം നെയ്ത്തുഗ്രാമങ്ങൾ നിശ്ചലം
കൈത്തറി വസ്ത്രങ്ങൾക്ക് ഏറെ പ്രസിദ്ധമായ പാലപ്പുറം നെയ്ത്തുഗ്രാമങ്ങൾ. പാരമ്പര്യത്തിനൊപ്പം കരവിരുതും ചേർത്ത് തറികളിൽ നെയ്തുണ്ടാക്കുന്ന വസ്ത്രങ്ങളുടെ മേന്മ മറ്റൊരിടത്തും കിട്ടില്ല. അതുകൊണ്ട് ഓരോ ഓണക്കാലത്തും വിവിധ സ്ഥലങ്ങളിൽ നിന്ന് കൈത്തറി വസ്ത്രങ്ങൾ തേടി നിരവധിയാളുകൾ ഈ വള്ളുവനാടൻ ഗ്രാമങ്ങളിലേക്കെത്താറുണ്ട്.
മനോഹരമായ കേരളസാരികളും മുണ്ടുകളും കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഒരിടം കൂടിയാണിവിടം. സെറ്റുമുണ്ട്, സാരി, വേഷ്ടി എന്നിവ ഇവിടെത്തെ പ്രധാന ആകർഷണങ്ങളാണ്. കസവിന്റെ ഗുണം, അളവ്, പുതുമയുള്ള ഡിസൈനുകൾ തുടങ്ങിയവയാണ് ഇവിടെത്തെ വസ്ത്രങ്ങളെ വേറിട്ടു നിറുത്തുന്നത്.
ലോക്ക് ഡൗൺ കാലത്ത് താഴുവീണ പാലപ്പുറത്തെ നെയ്ത്തുശാലകൾ പലതും ഇപ്പോൾ നിശ്ചലമാണ്. ഓണക്കാലങ്ങളിൽ നൂറ് കണക്കിന് ഓർഡറുകൾ ലഭിച്ചിരുന്ന ഇവർക്ക് ഇന്ന് പേരിന് മാത്രമേ ഓഡറുകൾ കിട്ടുന്നുള്ളു. പല കടകളിലും ഒരുതുണി പോലും വിറ്റു പോവാത്ത അവസ്ഥയാണ്. അസംസ്കൃത വസ്തുക്കളുടെ ലഭ്യതകുറവു കൂടിയായതോടെ ഈ ഉത്സവകാലം വറുതിയുടേതാകുമോ എന്ന ആശങ്കയിലാണ് നെയ്ത്തുകാർ.