inogration
പെരിങ്ങോട് താത്കാലികമായി നിർമ്മിച്ച ഫയർ സ്റ്റേഷന് മുന്നിൽ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധം സംസ്ഥാന സെക്രട്ടറി രേണു സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.

കോങ്ങാട്: കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഭരണാനുമതി ലഭിച്ച പദ്ധതിയാണ് എല്ലാ നിയോജക മണ്ഡലങ്ങളിലും ഫയർ സ്റ്റേഷൻ സ്ഥാപിക്കുക എന്നത്. തുടർന്ന് എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തി നാലര വർഷം പിന്നിടുമ്പോഴും കോങ്ങാട് മണ്ഡലത്തിന് അനുവദിച്ച ഫയര്‍ ‌സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചില്ല. കോങ്ങാട് വെറ്റിനറി ആശുപത്രിക്ക് സമീപം 50 സെന്റ് സ്ഥലം ഇതിനായി ഏറ്റെടുത്തെങ്കിലും യാതൊരു തുടർ നടപടിയുമുണ്ടായില്ല. കെട്ടിട നിർമ്മാണത്തിനായുള്ള അനുമതിയും രേഖകളും പൊതുമരാമത്ത് വകുപ്പിൽ കെട്ടിക്കിടക്കുകയാണ്.

രണ്ടുവർഷം മുമ്പ് 20 ലക്ഷം മുടക്കി പെരിങ്ങോട് താത്കാലിക ഫയർ സ്റ്റേഷനുള്ള ഷെഡും കെട്ടിട സൗകര്യവും ഒരുക്കി. ഇതിന് വകുപ്പിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്. എന്നാൽ ആവശ്യമായ ജിവനക്കാർക്കായി പുതിയ നിയമനം നടത്താതെ സമീപ സ്റ്റേഷനുകളിൽ നിന്നും ഉദ്യോഗസ്ഥരെ താത്കാലികമായി നൽകാനേ കഴിയൂവെന്ന് പറയുന്നു.

ജീവനക്കാരുടെ ക്ഷാമം മൂലം നടപടി ചുവപ്പ് നാടയിൽ കുടുങ്ങി. ലക്ഷങ്ങൾ ചിലവാക്കി നിർമ്മിച്ച കെട്ടിടങ്ങൾ യാതൊരു ഉപയോഗവും ഇല്ലാതെ പാഴാകുകയും സാമൂഹിക വിരുദ്ധർക്ക് താവളമാകുന്നതായും പരാതി ഉയർന്നിരിക്കുന്നത്.

പ്രതിഷേധിച്ചു

സർക്കാരിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി ഫയർ സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. സംസ്ഥാന സെക്രട്ടറി രേണു സുരേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.കൃഷ്ണകുമാർ അദ്ധ്യക്ഷനായി. മണ്ഡലം ട്രഷറർ സി.ജി.ഹരി, പഞ്ചായത്ത് കമ്മിറ്റി ജന.സെക്രട്ടറി എം.കെ.രാമചന്ദ്രൻ, വാർഡംഗം കെ.ആർ.രജിത പങ്കെടുത്തു.