padam
മുതലമട പാടശേഖരങ്ങളിൽ പട്ടാമ്പി കൃഷി വിജ്ഞാനകേന്ദ്രത്തിലെ വിദഗ്ദ്ധ സംഘം സ്ഥലം പരിശോധിക്കുന്നു.

കൊല്ലങ്കോട്: മുതലമടയിലെ ഒന്നാംവിള നെൽകൃഷിയിൽ വ്യാപകമായി ബാധിച്ച ഓലകരിച്ചിൽ നിയന്ത്രണാതീതമായ സാഹചര്യത്തിൽ പട്ടാമ്പി കൃഷി വിജ്ഞാനകേന്ദ്രത്തിലെ വിദഗ്ദ്ധ സംഘം സ്ഥലം പരിശോധിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. മുതലമട പഞ്ചായത്തിലെ കുറ്റിപ്പാടം, മാമ്പള്ളം, മല്ലൻകുളമ്പ്, പള്ളം, കരിപാലിചള്ള, വലിയചള്ള, ചെനപ്പംതോട്ടം എന്നിങ്ങനെ 200 ഓളം ഹെക്ടറിൽ ഉൾപ്പെടെ കൊല്ലങ്കോട് ബ്ലോക്കിലെ ഏതാണ്ട് 765 ഹെക്ടർ സ്ഥലത്താണ് ഓലകരിച്ചിൽ ബാധിച്ചിരിക്കുന്നത്. പാടത്തു തണൽ വീണ പ്രദേശങ്ങളിൽ അനുകൂലമായ കാലാവസ്ഥാ സാഹചര്യത്തിൽ ആരംഭിച്ച ഓലകരിച്ചിൽ നിലവിൽ വിളവിനെ ബാധിക്കുന്ന സ്ഥിതിയാണ്.

കൊവിഡ് സാഹചര്യത്തിൽ ഇത്തരത്തിൽ ഉണ്ടാകുന്ന കാർഷിക നഷ്ടം സാധ്യമായ രീതിയിൽ പരിഹരിക്കുന്നതിനായാണ് സംഘം സ്ഥലം സന്ദർശിച്ചത്. സന്തോമൊണാസ് ഒറൈസെ എന്ന ബാക്ടീരിയ നെല്ലോലകളിൽ ബാധിക്കുന്ന സ്ഥലങ്ങളിലെ ഹരിതകം നഷ്ടപ്പെട്ടുകയും തുടർന്ന് പ്രകാശസംശ്ലേഷണം തടസപ്പെട്ടു വളർച്ചയും ഉല്പാദനവും കുറയുകയുമാണ് ചെയ്യുന്നത്. സംഘത്തിൽ കൃഷി വിജ്ഞാനകേന്ദ്രം പട്ടാമ്പിയിലെ ഡോ.സുമിയ, ഡോ. പി.രാജി, കൊല്ലങ്കോട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.മേരിവിജയ, കൃഷി ഓഫീസർ എസ്.എസ്.സുജിത്, കൃഷി അസിസ്റ്റന്റ് വി.ലിഖിത എന്നിവർ പങ്കെടുത്തു.

-നിയന്ത്രണ മാർഗങ്ങൾ

രോഗബാധ രൂക്ഷമാണെങ്കിൽ സ്‌ട്രെപ്‌റ്റോസൈക്കിളിൻ പരമാവധി 40ഗ്രാം ഒരേക്കറിൽ എന്ന തോതിൽ ഏറ്റവും കുറഞ്ഞത് 100 ലിറ്റർ എങ്കിലും വെള്ളത്തിൽ നേർപ്പിച്ചു തളിച്ചുകൊടുക്കുക. സ്‌ട്രെപ്‌റ്റോസൈക്കിളിൻ തനിയെ തളിച്ചുകൊടുക്കുക. ഒരേക്കറിന് രണ്ടു കിലോഗ്രാം എന്ന തോതിൽ ബ്ലീച്ചിംഗ് പൗഡർ കോട്ടൺ തുണികളിൽ 50ഗ്രാം വീതമുള്ള 40 ചെറുകിഴികളായി കണ്ടതിൽ അവിടവിടെ ഇട്ടുകൊടുക്കുക. തണലുള്ള പ്രദേശങ്ങളിൽ ചാണകത്തെളി (10 ലിറ്റർ വെള്ളത്തിൽ രണ്ടു കിലോഗ്രാം എന്ന തോതിൽ) തളിച്ചുകൊടുക്കുന്നതും രോഗം പാടങ്ങളിൽ ആരംഭിക്കുന്നതിന് നിന്നും തടയാൻ സാധിക്കും.