waste-
.

പാലക്കാട്: ശുചിത്വ പദവി സർട്ടിഫിക്കറ്റിനായി തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ശുചിത്വ പരീക്ഷ ആരംഭിച്ചു. ഖരമാലിന്യ സംസ്‌കരണ സംവിധാനം ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടോ എന്നറിയുകയാണ് പരിശോധനയുടെ ലക്ഷ്യം.

ശുചിത്വ പദവി സർട്ടിഫിക്കറ്റ് നൽകുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടർ ഡി.ബാലമുരളി അദ്ധ്യക്ഷനായ ജില്ലാതലസമിതി സെപ്തംബർ ഒമ്പതുവരെ ജില്ലയിലെ വിവിധ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും സന്ദർശിക്കും. ഹരിത മിഷൻ നിർദ്ദേശിച്ച 20 മാനദണ്ഡം വിലയിരുത്തും.

നാല് നഗരസഭകളടക്കം 32 തദ്ദേശ സ്ഥാപനങ്ങളാണ് പ്രാഥമിക പട്ടികയിലുള്ളത്. ഹരിത മിഷൻ, ശുചിത്വ മിഷൻ, കുടുംബശ്രീ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, ആരോഗ്യവകുപ്പ്, ക്ലീൻ കേരള കമ്പനി എന്നിവയുടെ പ്രതിനിധികളടങ്ങിയ സമിതികളാണ് 13 ബ്ലോക്കുകളിൽ നിന്നുള്ള 28 പഞ്ചായത്തുകളും നാല് നഗരസഭകളും സന്ദർശിക്കുക.

സമിതിയുടെ ആദ്യസന്ദർശനം ഇന്നലെ പുതുപ്പരിയാരം പഞ്ചായത്തിൽ നടന്നു. മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് 100 മാർക്കിന്റെ പരീക്ഷയാണ് തദ്ദേശ സ്ഥാപനങ്ങൾക്കുള്ളത്. ഹരിത മിഷൻ നിർദ്ദേശിച്ചിട്ടുള്ള 20 വിലയിരുത്തൽ ഘടകങ്ങളിൽ ഓരോന്നിനും അഞ്ചുമാർക്ക് വീതമാണ്. ആകെയുള്ള 100 മാർക്കിൽ എല്ലാ ഘടകങ്ങളിലുമായി 60 മാർക്ക് നേടുന്ന തദ്ദേശ സ്ഥാപനങ്ങൾക്കാണ് ശുചിത്വ പദവി സർട്ടിഫിക്കറ്റ് നൽകുക.

ഗ്രീൻ പ്രോട്ടോക്കോൾ, പ്ലാസ്റ്റിക് നിരോധനം, ബദൽ ഉല്പന്ന വിതരണം, മാലിന്യനീക്കം, ബഹുജന വിദ്യാഭ്യാസം എന്നിവ പ്രത്യേകം പരിഗണിക്കും.

-വൈ.കല്യാണകൃഷ്ണൻ, ഹരിത മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ.