cholam
മത്സ്യ മേഖലയിലെ പ്രതിസന്ധിയെ തുടർന്ന് പെരിങ്ങോട്ടുകുറുശി മത്സ്യകോളനിയിൽ ഇരുചക്രവാഹനത്തിൽ വില്പനയ്ക്ക് വച്ചിരിക്കുന്ന ചോളം.

പെരിങ്ങോട്ടുകുറിശി: കൊവിഡ് വ്യാപനത്തെ തുടർന്ന് മത്സ്യ വിപണന മേഖലയിലെ പ്രതിസന്ധി മൂലം ഗ്രാമീണ മേഖലയിൽ മത്സ്യക്കച്ചവടം ഉപജീവനമായി സ്വീകരിച്ച കുടുംബങ്ങൾ കടുത്ത പ്രതിസന്ധിയിൽ. പ്രതിസന്ധി പരിഹരിക്കാനായി മിക്കവരും പച്ചക്കറി,​ ചോളം വില്പനയിലേക്ക് തിരിഞ്ഞു. പെരിങ്ങോട്ടുകുറുശി മത്സ്യകോളനിയിലുള്ള പലരും ഇരുചക്ര വാഹനത്തിലാണ് ചോളവും പച്ചക്കറിയും മരച്ചീനിയുമെല്ലാം വില്പന നടത്തുന്നത്.

മാസങ്ങളായി പച്ചമത്സ്യ വിപണന മേഖല കടുത്ത പ്രതിസന്ധിയാണ്. മത്സ്യവരവിൽ കുറവ് വന്നതോടെ ഉള്ളവയ്ക്ക് വില ഉയർന്നത് കച്ചവടത്തെ പ്രതികൂലമായി ബാധിച്ചു. ഇതോടെയാണ് പലരും മറ്റ് മേഖലകളിലേക്ക് തിരിഞ്ഞത്. ചോളം വിളവെടുപ്പ് സജീവമായതോടെ മാർക്കറ്റിൽ പച്ചച്ചോളം യഥേഷ്ടം എത്തുന്നതിനാൽ കച്ചവടം നടത്താനാകുന്നത് വലിയ ആശ്വാസമാണ് വില്പനക്കാർ പറയുന്നു.

നേരത്തെ മരച്ചീനി വില്പനയുമായും നിരവധി മത്സ്യക്കച്ചവടക്കാർ സജീവമായിരുന്നു. എന്നാൽ ഇതിന്റെ വിളവെടുപ്പ് കഴിഞ്ഞതോടെ ലഭ്യതയും കുറഞ്ഞു.

മരച്ചീനി കിഴങ്ങ് ആവശ്യത്തിനു കിട്ടാതായതോടെയാണ് ചോളം വില്പന ആരംഭിച്ചത്. ഓണം അടുത്തതോടെ നാടൻ പച്ചക്കറി വിളവെടുപ്പ് സജീവമായതോടെ ഈ രംഗത്തും പലരും സജീമായി.